തൊഴിലുറപ്പ് പരിഷ്കാരം...... കേരളത്തിന് പത്തുലക്ഷം തൊഴിൽ നഷ്ടപ്പെടും: പവൻ ഖേര

Saturday 20 December 2025 12:11 AM IST

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബിജി റാംജി പദ്ധതിയിലൂടെ കേരളത്തിനു മാത്രം 10 ലക്ഷം തൊഴിൽ നഷ്ടമാകുമെന്ന് എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര. ഓരോ സംസ്ഥാനത്തും നഷ്ടപ്പെടുന്ന തൊഴിലുകളുടെ വിശദാംശങ്ങൾ എ.ഐ.സി.സി ശേഖരിച്ചുവരികയാണ്. ഇതുസംബന്ധിച്ച ഭാവി സമരപരിപാടികൾ ആവിഷ്‌കരിക്കാൻ 27ന് പ്രവർത്തക സമിതി ചേരും.

ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെയാണ് മോദി സർക്കാർ കൊലപ്പെടുത്തിയത്. മഹാത്മാഗാന്ധിയുടെ തത്വചിന്തയെ തകർക്കാനും ഏറ്റവും ദരിദ്രരായ ഇന്ത്യക്കാരുടെ തൊഴിൽ അവകാശങ്ങൾ തട്ടിയെടുക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിത്. പ്രതിവർഷം നൂറിനു പകരം കഷ്ടിച്ച് 50 -55 ദിവസത്തെ ജോലി മാത്രം നല്കുന്നതിലേക്ക് പദ്ധതി ചുരുക്കി.

സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത നാഷണൽ ഹെറാൾഡ് കേസ് കോടതി തള്ളിയത് മോദി- അമിത് ഷാ പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ്.