തൃശൂർ കോർപറേഷൻ പരാജയം മേയറെ കൂട്ടു പിടിച്ചതിനാൽ: സി.പി.എം

Saturday 20 December 2025 12:14 AM IST

തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന് കാരണം സ്വതന്ത്രനായ മേയറെ കൂട്ടുപിടിച്ചതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സ്വതന്ത്രനായ മേയർ പലപ്പോഴും പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. പാർട്ടി പ്രവർത്തകരെ മാത്രമല്ല ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയതും ചർച്ചയായിരുന്നു.ഒടുവിൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ചതും തിരിച്ചടിയായി. ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണവും സുരേഷ് ഗോപിയെ പുകഴ്ത്തി പറഞ്ഞതുമാണ് പാർട്ടിക്ക് സീറ്റുകൾ തീരെ കുറയാൻ കാരണം.

ഭരണവിരുദ്ധ വികാരം പൂർണതോതിൽ ബാധിച്ചിട്ടില്ല. ശബരിമല വിഷയവും ജില്ലയിൽ പാർട്ടിയെ ബാധിച്ചില്ല. ക്ഷേത്ര നഗരികളിലെ വിജയം ഇതിന് ഉദാഹരണമാണെന്നും യോഗം വിലയിരുത്തി. ക്രോസ് വോട്ടിംഗ് പല സ്ഥലത്തും നടന്നതാണ് യു.ഡി.എഫിന്റെ വിജയത്തിന് പ്രധാന കാരണം. എൽ.ഡി.എഫ് അടിത്തറ ജില്ലയിൽ ഭദ്രമാണെന്നും നേതാക്കൾ പറഞ്ഞു.