തദ്ദേശ പദ്ധതി നി‌ർവഹണം പാടെ പാളി, ചെലവഴിച്ചത് 31.16 % മാത്രം

Saturday 20 December 2025 12:18 AM IST

കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം മൂന്നിലൊന്നുപോലും പൂർത്തിയാക്കാനായില്ല. 31.16 %മാണ് സംസ്ഥാനത്തൊട്ടാകെ ഇതുവരെ ചെലവഴിച്ചത്. ആകെ പദ്ധതി തുക 8452.48 കോടി രൂപയാണ്. ചെലവഴിച്ചത് 2633.78 കോടി മാത്രം. ശേഷിക്കുന്ന മൂന്നു മാസംകൊണ്ട് ചെലവഴിക്കേണ്ടത് 5818.70 കോടി! ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വൻതുക നഷ്ടമാകും. 5 കോടി മുതൽ 12 കോടിവരെയാണ് ഗ്രാമ പഞ്ചായത്തുകൾക്ക് ഇക്കൊല്ലം വകയിരുത്തിയിട്ടുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പെരുമാറ്റച്ചട്ടംമൂലം പുതിയ പദ്ധതികൾക്കുള്ള അംഗീകാരം വൈകിയതുമാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൃത്യമയത്ത് ബില്ലുകൾ മാറാത്തത് കരാറുകാരുടെ വിമുഖതയ്ക്കും കാരണമായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായതിനാൽ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരും ജാഗ്രത കാട്ടിയില്ല.

മുന്നിൽ തൃശൂർ

35.34% തുക ചെലവഴിച്ച തൃശൂർ ജില്ലയാണ് മുന്നിൽ. തിരുവനന്തപുരം, കാസർകോട്,വയനാട്, ഇടുക്കി, കണ്ണൂർ, എറണാകുളം ജില്ലകൾ സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്.

ജില്ല, ചെലവഴിച്ച തുക

തൃശൂർ : 35.34%

കൊല്ലം : 34.79%

പാലക്കാട് : 33.44%

മലപ്പുറം : 32.85%

പത്തനംതിട്ട: 31.98%

ആലപ്പുഴ: 31.09

കോട്ടയം: 31.61%

തിരുവനന്തപുരം:30.89%

കാസർകോട്: 30.06%

വയനാട്: 29.63%

കോഴിക്കോട്: 28.01%

ഇടുക്കി: 27.63%

കണ്ണൂർ: 27.35%

എറണാകുളം: 26.98%