എസ്.എച്ച്.ഒയ്ക്കെതിരായ പരാതി: മുഖ്യമന്ത്രിയുടെ ഓഫീസ് ഒളിച്ചുവെച്ചെന്ന് സതീശൻ

Saturday 20 December 2025 1:01 AM IST

തിരുവനന്തപുരം: ഗർഭിണിയെ മർദ്ദിച്ച എസ്.എച്ച്.ഒയ്ക്കെതിരേ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒളിച്ചു വച്ചിരിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുറ്റവാളിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

അധികാരത്തിന്റെ അഹങ്കാരം ബാധിച്ച് ആരും എതിർക്കാനും സംസാരിക്കാനും പ്രചാരണം നടത്താനും പാടില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. പിണറായി വിജയന്റെ പൊലീസിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് പൊലീസ് സ്റ്റേഷനിലെ ക്രൂര മർദ്ദനം. കോടതിയിൽ പോയില്ലായിരുന്നെങ്കിൽ ഇതാരും അറിയില്ലായിരുന്നു. 2024ൽ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ ഒളിച്ചു വച്ചിട്ടാണ് അന്വേഷണം നടത്തിയെന്നു പറയുന്നത്. പൊലീസ് ജനങ്ങളെ ശത്രുക്കളായി കാണുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ക്രിമിനലുകളിൽ നിന്ന് കൈക്കൂലി വാങ്ങി ഡി.ഐ.ജി റാങ്കിലുള്ളയാൾ ടി.പി കേസിലെ പ്രതികളെ പോലും പരോളിൽ വിടുന്നു. ഒരു പാട്ട് കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ല. സർക്കാരിനെ വിമർശിച്ചാൽ ഇതായിരിക്കുമെന്ന് ഫാസിസ്റ്റ് സർക്കാരുകളെ പോലെയാണ് പിണറായി സർക്കാർ പറയുന്നത്. പാട്ടിന്റെ അണിയറ പ്രവർത്തകരെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.