ശബരിമലയുടെ മിനിയേച്ചർ നിർമ്മിച്ച് രഘുനാഥൻ
കൊല്ലം: പതിനെട്ടാംപടിയും കൊടിമരവും ശ്രീകോവിലും ചുറ്റമ്പലവും ഉൾപ്പെടെ ശബരിമല സന്നിധാനത്തിന്റെ മിനിയേച്ചർ മാതൃക നിർമ്മിച്ച് ശ്രദ്ധ നേടി മുണ്ടയ്ക്കൽ കണ്ണവീട്ടിൽ എസ്.രഘുനാഥൻ (62). ഡ്രൈവറായ രഘുനാഥൻ ഒരുമാസമെടുത്താണ് മാതൃക പൂർത്തിയാക്കിയത്. വ്രതം അനുഷ്ഠിച്ചിരുന്നു. ഫോം ഷീറ്റ്, തടി, പി.വി.സി പൈപ്പ്, പെൻസിൽ എന്നിവയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. മൂന്നടി വീതിയും മൂന്നരയടി നീളവുമാണ് മാതൃകയ്ക്കുള്ളത്. പതിനഞ്ച് വയസ് മുതൽ ശബരിമലയിൽ ദർശനം നടത്തുന്നുണ്ടെങ്കിലും ശില്പിയുടെ കാഴ്ചപ്പാടിലൂടെ സന്നിധാനത്തെ വീക്ഷിച്ചത് ഇത്തവണയാണെന്നാണ് രഘുനാഥൻ പറയുന്നത്. ചിത്രങ്ങൾ നോക്കിയാണ് മാതൃക നിർമ്മിച്ചത്. ആദ്യമായാണ് മിനിയേച്ചർ രൂപം ഉണ്ടാക്കുന്നത്. മരപ്പണി ജോലികൾ ചെയ്തിരുന്ന അപ്പൂപ്പൻ ചിന്നയ്യൻ ചെട്ടിയാരുടെ ഒപ്പംചേർന്ന് കണ്ടുപഠിച്ചതൊഴിച്ചാൽ മരപ്പണിയോ ശില്പ നിർമ്മാണമോ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല.
ക്ഷേത്രത്തിന് സമർപ്പിച്ചു
വീട്ടിൽ വച്ചാണ് മിനിയേച്ചർ നിർമ്മാണം പൂർത്തീകരിച്ചത്. തുടർന്ന് കഴിഞ്ഞ വൃശ്ചികം ഒന്നിന് മുണ്ടയ്ക്കൽ മഹാഗണപതി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. വീട്ടുകാർ പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.
വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മിനിയേച്ചർ മാതൃക ഉണ്ടാക്കുന്നത്.
എസ്.രഘുനാഥൻ