ലേബർ കോഡ്: പോരാട്ടം ശക്തമാക്കാൻ ദേശീയ തൊഴിൽ കോൺക്ലേവ്
തിരുവനന്തപുരം: ലേബർ കോഡ് വിഷയത്തിൽ പോരാട്ടം ശക്തമാക്കുമെന്ന് ദേശീയ തൊഴിൽ കോൺക്ലേവ്. ലേബർ കോഡുകളെക്കുറിച്ച് പഠിക്കാനും പ്രത്യാഘാതങ്ങൾ മനസിലാക്കാനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ജസ്റ്റിസ് ഗോപാലഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരുൾപ്പെട്ട കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി. രണ്ട് ഗവേഷക വിദ്യാർത്ഥികളും കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുന്നതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി.
പ്രധാന തീരുമാനങ്ങളും നിലപാടുകളും
1. തൊഴിൽ ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ, സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കും.
2. കേന്ദ്ര ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധത ചൂണ്ടിക്കാട്ടി കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളോടൊപ്പം സംസ്ഥാന തൊഴിൽ മന്ത്രി കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും.
3. തൊഴിലാളികളുടെ ആവശ്യങ്ങൾ ദേശീയ തലത്തിൽ ഉന്നയിക്കാനും സമ്മർദ്ദം ചെലുത്താനും കേരള സർക്കാർ നേതൃത്വം നൽകും.
4. ഐ.ടി, ഗിഗ് ഇക്കോണമി, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ സർക്കാർ ഉറപ്പാക്കും
മറ്റു സംസ്ഥാന മന്ത്രിമാർ പങ്കെടുത്തില്ല
കോൺക്ലേവിൽ മറ്റു സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തില്ല.