വയോജനങ്ങളുടെ ആരോഗ്യത്തിന് വീട്ടുപടിക്കലുണ്ട് വയോമിത്രം

Saturday 20 December 2025 1:07 AM IST

ജില്ലയിൽ ഗുണഭോക്താക്കൾ

8500 ൽപ്പരം

കൊല്ലം: നഗരസഭാ പരിധിയിലെ വയോജനങ്ങളുടെയും അവശത അനുഭവിക്കുന്നവരുടെയും സാമൂഹ്യ, ആരോഗ്യക്ഷേമം ലക്ഷ്യമിടുന്ന വയോമിത്രം പദ്ധതിയിൽ ജില്ലയിൽ 8500 ൽപ്പരം ഗുണഭോക്താക്കൾ.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ കോർപ്പറേഷനിൽ രണ്ട് യൂണിറ്റും കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ നഗരസഭകളിൽ ഓരോ യൂണിറ്റും വീതവുമാണുള്ളത്. വാർഡ് അടിസ്ഥാനത്തിൽ ഡോക്ടർമാരടങ്ങിയ സംഘം രണ്ടാഴ്ചയുടെ ഇടവേളയിൽ മെ‌ഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടത്തിപ്പ്.

ഗുണഭോക്താക്കളുടെ സാമ്പത്തിക പരിധി നോക്കാതെ സൗജന്യമായി ഇൻസുലിൻ ഉൾപ്പടെ 80ൽപ്പരം മരുന്നുകളും ഡോക്ടറുടെ വാതിൽപ്പടി സേവനവും ഉണ്ടാകും. മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ പരിശോധന, യാത്രകൾ സംഘടിപ്പിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. എ.പി.എൽ,​ ബി.പി.എൽ വ്യത്യാസമില്ലാതെ 65 വയസിന് മുകളിൽ പ്രായമായവരാണ് വയോമിത്രം പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഇവർക്കായി 26ലധികം പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്‌ക് സേവനം തുടങ്ങിയവയും ഉറപ്പാക്കുന്നു.

സൗജന്യ ചികിത്സയ്ക്ക് പുറമെ മുതിർന്ന പൗരന്മാർ‌ക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന പരിപാടികൾ, സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും നടപ്പാക്കുന്നു. ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ്, ഒരു കോ ഓർഡിനേറ്റർ എന്നിവരാണ് കുറഞ്ഞത് ഒരു യൂണിറ്റിലുള്ളത്. ഇത്തരത്തിൽ ജില്ലയിൽ ആറ് മെഡിക്കൽ ഓഫീസർമാർ വിവിധ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നു.

ഒരു കുടക്കീഴിൽ

കേരള സാമൂഹ്യ സുരക്ഷാമിഷന്റെ ക്ഷേമ പദ്ധതികളായ ആശ്വാസകിരണം, സ്‌നേഹപൂർവം, സമാശ്വാസം, വീ കെയർ തുടങ്ങിയ പദ്ധതികളുടെ കേന്ദ്രീകൃത ഓഫീസായി വയോമിത്രം കേന്ദ്രം പ്രവർത്തിക്കുന്നു.

പദ്ധതി ആരംഭിച്ചത്

2011 സെപ്തംബറിൽ

മാസത്തിൽ സൗജന്യ ചികിത്സ

02 തവണ

സംസ്ഥാന വ്യാപകമായി നഗരസഭകൾ,​ കോർപ്പറേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി മുന്നേറുന്നത്. വയോജനങ്ങൾക്കായി ഹെൽപ്പ് ഡെസ്‌കുകളും പ്രവർത്തിക്കുന്നുണ്ട്.

സാമൂഹ്യനീതി വകുപ്പ് അധികൃതർ