ചക്കുളത്തുകാവിൽ നാരീപൂജ ഭക്തിസാന്ദ്രം
ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നടന്ന നാരീപൂജ ഭക്തിസാന്ദ്രമായി. സ്ത്രീകളെ ദേവതാ സങ്കല്‍പ്പമാക്കി ആചാരവിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങാണിത്. നാരീപൂജ ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശീമാട്ടി സി.ഇ.ഒ ബീനാ കണ്ണന്റെ പാദം പൂജിച്ച് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്തു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി വിളിച്ചു ചൊല്ലി പ്രാർത്ഥന നിർവഹിച്ചു. ചക്കുളത്തമ്മ മാതൃസമിതി, തിരുഉത്സവ കമ്മിറ്റി,മീഡിയ കൺവീനർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ നേതൃത്വം നൽകി. 26ന് രാവിലെ 9 ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും.