തലയോട്ടി, അസ്ഥികൂടം: അന്വേഷണം പുരോഗമിക്കുന്നു
കുന്നത്തൂർ: അമ്പലത്തുംഭാഗത്ത് റബ്ബർ തോട്ടത്തിൽ പുരുഷന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ, മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണെന്ന് നിഗമനം.
പോരുവഴി അമ്പലത്തുംഭാഗം രാജ്ഭവനിൽ സതിയമ്മയാണ് ഇന്നലെ രാവിലെ ടാപ്പിംഗിനിടെ തലയോട്ടി കണ്ടത്. തുടർന്ന് പ്രദേശവാസികളെത്തി പരിശോധന നടത്തിയപ്പോൾ പല ഭാഗത്തായി അസ്ഥികളും അസ്ഥികൂടവും കണ്ടെത്തി. മൂന്ന് മാസം മുമ്പ് സതിയമ്മയുടെ ഭർത്താവും ടാപ്പിംഗ് തൊഴിലാളിയുമായ രാജേന്ദ്രൻ പിള്ളയെ (63) കാണാതായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹം രാത്രിയോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. രാജേന്ദ്രൻ പിള്ളയുടെ ഫോട്ടോ നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.പക്ഷേ ഇദ്ദേഹത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തലയോട്ടിയും അസ്ഥികൂടവും രാജേന്ദ്രൻ പിള്ളയുടേതാണോയെന്ന് പൊലീസ് സംശയിക്കുന്നത്. അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു.
ശാസ്താംനട- തൊളിക്കൽ റോഡിൽ നെടുവിലയ്യത്ത് ഭാഗത്തെ കാടുമൂടി കിടക്കുന്ന കനാൽ പാലത്തിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയതായാണ് സംശയിക്കുന്നത്. മരക്കൊമ്പ് ഒടിഞ്ഞ് മൃതദേഹം കനാലിൽ വീണ് ദുർഗന്ധം വമിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനാലും തെരുവ് നായ്ക്കൾ ചത്ത് പലപ്പോഴും ദുർഗന്ധം പരക്കുന്നതിനാലുമാണ് പ്രദേശവാസികൾ കാര്യമാക്കാതിരുന്നത്.കനാലിൽ വീണു കിടന്ന മൃതദ്ദേഹം നായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതാവാമെന്ന് കരുതുന്നു. വടക്കൻ മൈനാഗപ്പള്ളി സോമവിലാസത്ത് അടുത്തിടെ മൃതദേഹം നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.