തൊഴിലുറപ്പ് ഭേദഗതി ബിൽ; ആശങ്ക സൂചിപ്പിച്ച് മുഖ്യമന്ത്രി

Saturday 20 December 2025 1:11 AM IST

തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്ലിലെ (വിബി ജി റാം ജി ) ആശങ്കകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. നിർദ്ദിഷ്ട നിയമത്തിലെ പല വ്യവസ്ഥകളും സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും കത്തിൽ വിശദീകരിച്ചു.

നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, കൂലി ഇനത്തിലെ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. എന്നാൽ, പുതിയ ബില്ലിൽ കേന്ദ്ര വിഹിതം 60 ശതമാനമായി കുറയ്ക്കുന്നു. കേരളത്തിന് ഇത് പ്രതിവർഷം 3,500 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കും.തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ കേരളം എപ്പോഴും മുൻപന്തിയിലുണ്ട്. പദ്ധതിയുടെ വികേന്ദ്രീകൃത സ്വഭാവത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും കേരളം പോലുള്ള സംസ്ഥാനങ്ങളെ ഏറെ ദോഷകരമായി ബാധിക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങളെ തന്നെ തകർക്കുകയും ചെയ്യും.

ഓരോ കണ്ണീർതുള്ളിയും തുടച്ചുമാറ്റാൻ ജീവിതകാലം മുഴുവൻ പ്രയത്നിച്ച മഹാത്മാഗാന്ധിയുടെ പേര് ഇത്തരമൊരു പദ്ധതിയുമായി തുടർന്നും ബന്ധിപ്പിക്കണമെന്നാണ് കേരള സർക്കാരിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.