ചലച്ചിത്ര മേള ആക്‌ടിവിസം കാണിക്കേണ്ട വേദിയല്ല: വി.മുരളീധരൻ

Saturday 20 December 2025 1:12 AM IST

ന്യൂഡൽഹി: വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ച സിനിമകൾ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ(ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിക്കാൻ വാശിപിടിച്ചത് രാജ്യതാത്പര്യത്തിന് വിരുദ്ധമെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഐ.എഫ്.എഫ്.കെ ആക്ടിവിസം കാണിക്കാനുള്ള വേദിയല്ല. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ അട്ടിമറിക്കുന്ന സമീപനം സർക്കാർ കൈക്കൊള്ളരുത്.

നയതന്ത്രബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് മനസിലാക്കിയാണ് ചില സിനിമകൾക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുന്നത്. അതു മനസിലാക്കാതെയുള്ള പിണറായി സർക്കാർ നീക്കം പ്രവാസികളെ പ്രതിസന്ധിയിലാക്കും. ആചാര ലംഘനത്തിന് കൂട്ടുനിന്നവർ പാരഡി ഗാനത്തിന്റെ പേരിൽ വിശ്വാസ സംരക്ഷണം എന്ന പേരിൽ ഇറങ്ങുന്നത് പരിഹാസ്യമാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് കഴക്കൂട്ടത്ത് മത്സരിക്കാൻ താത്‌പര്യമുണ്ടെന്നും വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.