കോടികളുടെ പണപ്പിരിവ്: ജയിൽ ഡി.ഐ.ജിയെ തുണച്ചത് രാഷ്ട്രീയ സംരക്ഷണം

Saturday 20 December 2025 1:14 AM IST

തിരുവനന്തപുരം: തടവുകാരിൽ നിന്നും ജയിലുദ്യോഗസ്ഥരിൽ നിന്നുമായി കോടികളുടെ പണപ്പിരിവ് നടത്തിയ ജയിൽ ഡി.ഐ.ജി എം.കെ വിനോദ്കുമാറിന് തുണയായത് രാഷ്ട്രീയ സംരക്ഷണം. ഒരു മാസം 75 ലക്ഷം രൂപ ഡി.ഐ.ജിയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ടി.പി കേസിലെ കൊടിസുനി, അണ്ണൻ സിജിത് അടക്കമുള്ള തടവുകാരിൽ നിന്ന് ഡി.ഐ.ജി പണം വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് കേസെടുത്തതോടെ സസ്പെൻഡ് ചെയ്യാനുള്ള ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലാണ്.

രണ്ടുവട്ടം കേസിൽപ്പെട്ടിട്ടും സസ്പെൻഷനിലായിട്ടും ഡി.ഐ.ജിയെ തുണച്ചത് രാഷ്ട്രീയ സംരക്ഷണമായിരുന്നു. കെ.എസ്.എഫ്.ഇയിലെ ഇടത് സംഘടനാനേതാവായിരുന്നു. പിന്നീട് അസി.സൂപ്രണ്ടായി ജയിൽസർവീസിലെത്തി. ആലപ്പുഴ അരൂർസ്വദേശിയാണ്. ആലപ്പുഴയിലെയും കണ്ണൂരിലെയും നേതാക്കളുമായുള്ള അടുപ്പവും തുണയായി. അടിക്കടി പരാതികളുണ്ടായതോടെ പ്രധാനപ്പെട്ട ഒരുതീരുമാനവുമെടുക്കരുതെന്ന് ജയിൽ മേധാവി വിലക്കിയിരുന്നു. ആറു മാസംമുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിപ്പിച്ച് താക്കീത്ചെയ്തിരുന്നു. വിരമിക്കാൻ മാസങ്ങളേയുള്ളൂവെന്നു പറഞ്ഞ് കാലുപിടിച്ചാണ് രക്ഷപെട്ടത്. കൈക്കൂലിയുടെ വിവരങ്ങൾ നേരത്തേയറിഞ്ഞിട്ടും ജയിൽ ആസ്ഥാനത്ത് നിന്ന് മാറ്റാതിരുന്നതും രാഷ്ട്രീയ സംരക്ഷണമുള്ളതിനാലാണ്.

കൊടിസുനി വിയ്യൂർ ജയിലിൽ നിന്ന് സ്വർണക്കടത്തും ക്വട്ടേഷനും ആസൂത്രണം ചെയ്തതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സുനി വിളിച്ച ഫോൺ പിടിച്ചെടുക്കാൻ അന്നത്തെ ജയിൽമേധാവി നിർദ്ദേശിച്ചിട്ടും അന്ന് സൂപ്രണ്ടായിരുന്ന വിനോദ് അവഗണിച്ചു.പിടിച്ചെടുക്കാതെ നശിപ്പിച്ചു. ജയിൽമേധാവി വിശദീകരണം തേടിയെങ്കിലും തുടർനടപടികളുണ്ടായില്ല.തടവുകാർക്ക് ഫോൺവിളി, പുറമെനിന്നുള്ള മുന്തിയഭക്ഷണം, മദ്യം, കഞ്ചാവടക്കം ലഹരി, സിഗരറ്റ്-ബീഡി, സിംകാർഡുകളും ബാറ്ററികളും അടക്കം സൗകര്യങ്ങളൊരുക്കാനാണ് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പരോൾ അനുവദിക്കാനും കാലാവധി നീട്ടാനുമെല്ലാം വൻതുകകളാണീടാക്കിയത്. ജയിൽ മേധാവിയുടെ ശുപാർശയിൽ അനുവദിക്കപ്പെട്ട സ്വാഭാവിക പരോളുകൾക്ക് പോലും പണമീടാക്കിയിരുന്നു.

സിജിത്ത് ഡി.ഐ.ജിയെ ജയിലിൽ നിന്ന് വിളിച്ചതും പരോളിലിറങ്ങിയ ഉടൻ പണം കൈമാറിയതും കണ്ടെത്തിയിട്ടുണ്ട്. കൊടിസുനിയുടെ കൂട്ടാളിയുടെ അക്കൗണ്ടിൽനിന്ന് പണമെത്തിയതും കണ്ടെത്തി. ജയിലുദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണപ്പിരിവ്. തെക്കൻജില്ലയിലെ സബ്‌ജയിൽ സൂപ്രണ്ടുപോലും ലക്ഷങ്ങൾ നൽകി. വിയ്യൂരിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണപ്പിരിവുണ്ടായിരുന്നു. ലഹരിക്കേസിലെ തടവുകാരിൽനിന്നും പണംവാങ്ങി.

ഔഷധ സസ്യകൃഷിയിലും വെട്ടിപ്പ്

ഡി.ഐ.ജിക്കെതിരായ അന്വേഷണ റിപ്പോർട്ടുകളും പരാതികളുമെല്ലാം നടപടിയെടുക്കാതെ പൂഴ്‌ത്തി. അഴിമതിയും കൈക്കൂലിയും ചൂണ്ടിക്കാട്ടി 2023ഏപ്രിവലിൽ മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി നൽകിയ റിപ്പോർട്ടും അവഗണിച്ചു.

വിയ്യൂർ സെൻട്രൽജയിൽ സൂപ്രണ്ടായിരിക്കെ, നടപ്പാക്കിയ ഔഷധസസ്യക്കൃഷി പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടു നടന്നെന്നും 2.31 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും 2020ൽ വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പണം തിരിച്ചുപിടിച്ചില്ല.

ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി ഔദ്യോഗിക വാഹനത്തിൽ 250 കിലോമീറ്റർ വരെ യാത്ര ചെയ്തു മറ്റു സോണുകളിലെ ജയിലുകളിൽ സന്ദർശനം നടത്തുന്നത് അഴിമതിക്കാണെന്ന് മദ്ധ്യമേഖലാ ഡി.ഐ.ജി റിപ്പോർട്ട് ചെയ്തെങ്കിലും നടപടിയുണ്ടായില്ല. സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്നും കൈക്കൂലി വാങ്ങിയെന്നു വിവരം കിട്ടിയെങ്കിലും നടപടിയെടുത്തില്ല.