ദേവപ്രയാഗിന്റെ ജീവൻ  നാലു പേരിൽ തുടിക്കും 

Saturday 20 December 2025 1:15 AM IST

തിരുവനന്തപുരം: നാലു പേരുടെ നിറ ചിരിയിൽ ഇനി ദേവ പ്രയാഗിന്റെ ജീവൻ തുടിക്കും. അയ്യപ്പനെ കണ്ട് മടങ്ങവേ നിലമേലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുകാരൻ ദേവപ്രയാഗിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രന്റെയും സി.എം അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ഒരു വൃക്കയും കരളും ഹൃദയ വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്രിയിലെ രോഗിക്കുമാണ് നൽകിയത്. അഞ്ചു പേരുടെയും ശസ്ത്രക്രിയകൾ നടന്നു. 15ന് നിലമേലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവ ഗുരുതരവാസ്ഥയിലായിരുന്നു. മൂന്നു പേരേയും ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥ തുടർന്ന് ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 18ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു. ദേവപ്രയാഗ് ശാന്തിനികേതൻ സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ദേവപ്രയാഗിന്റെ അമ്മ സി.എം. അഖില കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ ജോലി ചെയ്യുന്നു. ബിജു ചന്ദ്രൻ, ബീന എന്നിവർ ബിച്ചു ചന്ദ്രന്റെ സഹോദരങ്ങളാണ്.