ആത്മീയതയുടെ തീർത്ഥാടനകാലം

Saturday 20 December 2025 1:32 AM IST

മനുഷ്യരാശിയുടെ ഭൗതികവും ആത്മീയവുമായ പുരോഗതിയെ ലക്ഷ്യമാക്കി ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് കനിഞ്ഞനുവദിച്ചു നൽകിയ മഹാ അനുഗ്രഹമാണ് ശിവഗിരി തീർത്ഥാടനം.

1928 ജനുവരി 16നാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിനുള്ള അനുമതി നൽകിയത്. ഗുരുദേവന്റെ ഉറ്റ ശിഷ്യന്മാരായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യനും കിട്ടൻ റൈട്ടറുമാണ് 'ശിവഗിരി തീർത്ഥാടനം" എന്ന ആശയം മുന്നോട്ടുവച്ചത്.

തീർത്ഥാടനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഗുരുദേവൻ അവരോട് അന്വേഷിച്ചെങ്കിലും അവർക്ക് ഉത്തരം നൽകാനായില്ല. ജനങ്ങളുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി സമഗ്രമായ അറിവ് സൃഷ്ടിക്കുക എന്നതായിരിക്കണം തീർത്ഥാടന ലക്ഷ്യമെന്ന് ഗുരുദേവൻ അരുൾ ചെയ്തു. പാലിക്കേണ്ട ചില മാനദണ്ഡങ്ങളും നിർദ്ദേശിച്ചു. ജനുവരി ഒന്ന് പുതുവത്സര ദിനത്തിൽ തീർത്ഥാടനത്തിന് നിർദ്ദേശിക്കപ്പെട്ടു.

വിദ്യാഭ്യാസം, ശുചിത്വം, ഭക്തി, സംഘടന, കൃഷി, വ്യാപാരം, കരകൗശല വസ്തുക്കൾ, സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് ആസൂത്രണം ചെയ്യണം. ഈ വിഷയങ്ങളിൽ വിദഗ്ദ്ധരെ, പ്രഭാഷണങ്ങൾ നടത്താൻ ക്ഷണിക്കുകയും തീർത്ഥാടകർ ശ്രദ്ധയോടെ കേൾക്കുകയും വേണം. അവർ കേട്ട കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ പരിശീലിക്കണം, അത് അവരെ അഭിവൃദ്ധിയിലേക്ക് നയിക്കും. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ലക്ഷ്യം ഇതായിരിക്കണമെന്ന് ഗുരു നിർദ്ദേശിച്ചു. ഗുരുവിന്റെ മഹാസമാധിക്കു ശേഷം 1932ൽ മൂലൂർ എസ്.പത്മനാഭ പണിക്കരുടെ മകൻ പി.കെ.ദിവാകര പണിക്കരുടെ നേതൃത്വത്തിൽ പ്ലാവുനിൽക്കുന്നതിൽ പി.കെ.കേശവൻ, വേപ്പുറത്തൂട്ടു വീട്ടിൽ പി.വി.രാഘവൻ, ഇടയിലെ കിഴക്കേതിൽ എം.കെ.രാഘവൻ, കമലാലയത്തിൽ കെ.എസ്.ശങ്കുണ്ണി എന്നീ യുവാക്കളാണ് ആദ്യ തീർത്ഥാടകരായി ശിവഗിരിയിലെത്തുന്നത്.

ലോകത്തിന്റെ ബാഹ്യാഭ്യന്തരശുദ്ധിക്കും അഭ്യുന്നതിക്കും ആധാരമായി നിലകൊള്ളുന്ന അടിസ്ഥാന വിഷയങ്ങളിൽ മനുഷ്യനെ പ്രബുദ്ധനും സ്വതന്ത്രനുമാക്കി അവനെ ഒരു വിശ്വമാനവനാക്കി തീർക്കുക എന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യകല്പനയായി ഗുരുദേവൻ ലോകത്തിന് നൽകിയത്. ഭക്തിയും ശുദ്ധിയും അറിവും ശ്രദ്ധയും വേറല്ലാത്തവിധം സമന്വയിക്കുന്ന ശിവഗിരി തീർത്ഥാടനം പുനരവലോകനത്തിന്റെയും പുനരാവിഷ്കരണത്തിന്റെയും വലിയ സാദ്ധ്യതകളാണ് സമ്മാനിക്കുന്നത്.

15നു തുടങ്ങിയ തീർത്ഥാടനകാലം 2026ജനുവരി 5 വരെയാണ്. ഡിസംബർ 30, 31 ജനുവരി ഒന്ന് ദിവസങ്ങളാണ് ശിവഗിരി തീർത്ഥാടനമഹാമഹം.

ശിവഗിരി: പരിണാമതീർത്ഥം

1080ൽ വർക്കലയിൽ എത്തിച്ചേർന്ന ഗുരുദേവൻ ചുറ്റുമുള്ള കുന്നുകളുടെയും നീരുറവകളുടെയും പ്രകൃതിഭംഗി കാരണം ആ പുണ്യസ്ഥലത്തിന് ശിവഗിരി എന്ന് പേരിട്ടു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ഈ പുണ്യസ്ഥലത്താണ്.

പീ​താം​ബ​ര​ദീ​ക്ഷ​ ​

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായി വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പീതാംബര ദീക്ഷ 20ന് രാവിലെ 9ന് മഹാസമാധി സന്നിധിയിൽ നടക്കും. ശിവഗിരി തീർത്ഥാടകർ പഞ്ചശുദ്ധിയോടെ (വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി) 10ദിവസത്തെ വ്രതമനുഷ്ഠിച്ച് പീതാംബരധാരികളായെത്തണമെന്ന ഗുരുദേവകല്പന അക്ഷരാർത്ഥത്തിൽ പരിപാലിക്കുക. ഗുരുദേവകല്പിതമായ പഞ്ചധർമ്മങ്ങളായ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, മദ്യവർജ്ജനം എന്നിവയും ഏവരും അനുഷ്ഠിച്ചിരിക്കേണ്ടതാണ്.

തീർത്ഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശിവഗിരി തീർത്ഥാടനത്തിന്റെ ആത്മസത്ത പദയാത്രകളിലാണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്. ആത്മസംസ്കാരത്തിന്റെയും സ്വശുദ്ധീകരണത്തിന്റെയും വിനീതമായ സാധനയായി, ശാന്തതയും സഹനവും ആത്മനിയന്ത്രണവും ഉൾക്കൊണ്ട് ഈ യാത്ര ആചരിക്കപ്പെടുന്നു. പരസ്പരസ്നേഹവും സഹവർത്തിത്വവും കൈകോർത്ത്, ശുചിത്വബോധവും ശീലബോധവും ജീവിതശൈലിയാക്കി, സമൂഹത്തിനും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കാതെ മുന്നേറുന്നതാണ് ശിവഗിരി തീർത്ഥാടന പദയാത്രയുടെ സവിശേഷത.

ഗുരുദേവദർശനങ്ങളെ ഹൃദയത്തിൽ ആവാഹിച്ച് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അതിന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഒന്നായി ഇത് മാറുന്നു. പദയാത്ര ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യപരിശോധനയും ആവശ്യമായ തയ്യാറെടുപ്പുകളും നടത്തുക. തിരിച്ചറിയൽ രേഖകളും തീർത്ഥാടന പാസുകളും എപ്പോഴും കൈവശം സൂക്ഷിക്കുക. കുടിവെള്ളം, ആവശ്യമായ മരുന്നുകൾ എന്നിവ ഒപ്പം കരുതുക. സംഘനേതാക്കളുടെയും സന്നദ്ധസേവകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. തീർത്ഥാടനത്തിന്റെ ആത്മീയ ലക്ഷ്യം മനസിൽ സൂക്ഷിച്ച് ശാന്തതയോടെയും ശീലബോധത്തോടെയും യാത്ര തുടരുക. ഗുരുദേവ സൂക്തങ്ങളും പ്രാർത്ഥനകളും ഉരുവിട്ടു യാത്ര അത്യന്തം ഭക്തിനിർഭരമാക്കുവാൻ പരമാവധി ശ്രദ്ധിക്കണം. റോഡ് നിയമങ്ങളും ട്രാഫിക് നിർദ്ദേശങ്ങളും പാലിക്കുക.

ഒഴിവാക്കേണ്ടവ  പദയാത്രികർ മദ്യപാനം, പുകവലി, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്.

 സംഘത്തിൽ നിന്ന് അനാവശ്യമായി വേർപിരിയരുത്.

 ക്യാപ്റ്റന്റെ അറിവോടെ മാത്രം അടിയന്തരഘട്ടങ്ങളിൽ മാറുകയും യഥാസമയം തിരികെ എത്തിച്ചേരുകയും വേണം.

 വഴിയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റങ്ങൾ ഉണ്ടാക്കരുത്.

 പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഒഴിവാക്കുക. മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കരുത്. കൃത്യമായ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.

 ശബ്ദമലിനീകരണം, അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ എന്നിവ പാടില്ല.  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അവഗണിക്കാതെ ഉടൻ സംഘനേതാക്കളെയോ സന്നദ്ധസേവകരെയോ അറിയിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്ന മരുന്നുകൾ കൈവശം കരുതുക.

 പൂജയുടെ സമയക്രമം

തീർത്ഥാടനദിനങ്ങളിൽ മഹാസമാധി സന്നിധിയിലും ശാരദാമഠത്തിലും നിത്യവും സന്ധ്യക്ക് 6മുതൽ 7 വരെ ദീപാരാധനയും സമൂഹപ്രാർത്ഥനയും ഉണ്ടായിരിക്കും. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, ശാരദാപൂജ, കുടുംബാർച്ചന, മഹാഗുരുപൂജ എന്നീ വഴിപാടുകൾക്ക് പ്രത്യേകസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അരവണപ്പായസം ഭക്തജനങ്ങൾക്ക് കൗണ്ടറുകളിൽ ലഭ്യമാണ്. തീർത്ഥാടനസംബന്ധമായ എല്ലാ വഴിപാട് രസീതുകളും ശിവഗിരിമഠം ബുക്ക്സ്റ്റാളിനു സമീപത്തെ കൗണ്ടറുകളിലൂടെയും ഫെഡറൽബാങ്ക് വർക്കല ശാഖവഴിയും ലഭിക്കും. തീർത്ഥാടനദിനങ്ങളിൽ രാവിലെ 5 മുതൽ രാത്രി 12 വരെ മഹാസമാധി സന്നിധിയിലും ശ്രീശാരദാമഠത്തിലും വൈദികമഠത്തിലും ബോധാനന്ദസ്വാമി സമാധിമണ്ഡപത്തിലും ഗുരുദേവറിക്ഷാമണ്ഡപത്തിലും ഭക്തജനങ്ങൾക്ക് ദർശനം നടത്താവുന്നതാണ്.

 സന്ദർശന സമയം

 രാവിലെ 4.30മുതൽ ഉച്ചയ്ക്ക് 12.30 വരെ

 വൈകിട്ട് 4.30 മുതൽ 7.30വരെ

 രാവിലെ 4.30ന് ശാന്തിഹവനം (പർണ്ണശാല), 5ന് വിശേഷാൽപൂജ (ശ്രീശാരദാമഠം), 5.30ന് വിശേഷാൽഗുരുപൂജ (മഹാസമാധിപീഠം), 5.45ന് ഗുരുദേവകൃതികളുടെ പാരായണം (ബ്രഹ്മവിദ്യാലയത്തിൽ),6 മുതൽ 6.30വരെ തിരുഅവതാര മുഹൂർത്തപ്രാർത്ഥന എന്നിവയാണ് പ്രധാനചടങ്ങുകൾ

 പാർക്കിംഗ്, താമസം

 ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, എസ്.എൻ കോളേജ് ഗ്രൗണ്ട്

 ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൗകര്യം ശിവഗിരി കൺവെൻഷൻ സെന്ററിലൊരുക്കിയിട്ടുണ്ട്.

 എത്താനുള്ള വഴി

വർക്കല ജില്ലാ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നിന്ന് മട്ട്ജംഗ്ഷൻ വഴിയും കല്ലമ്പലം ഭാഗത്ത് നിന്ന് നരിക്കല്ല്മുക്ക് വട്ടപ്ലാംമൂട് ഗുരുകുലം ജംഗ്ഷൻ വഴിയും പാരിപ്പള്ളി ഭാഗത്തുനിന്ന് നടയറ എത്തി ഗുരുകുലം ജംഗ്ഷൻ വഴിയും ശിവഗിരിയിലെത്താം.