ഗുരുദേവന്റെ മദ്യവിരുദ്ധ സന്ദേശം നടപ്പിലാക്കണം: ജേക്കബ് വടക്കാഞ്ചേരി 

Saturday 20 December 2025 1:38 AM IST

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ മദ്യവിരുദ്ധ സന്ദേശം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു .93-ാമത് ശിവഗിരി തീർത്ഥാടന കാലത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ ശിവഗിരിയിൽ നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യത്തിൽ നിന്നുള്ള വരുമാനമാണ് നാടിനെ സംരക്ഷിക്കുന്നതെന്ന അഭിപ്രായത്തിന് നീതികരണമില്ല.ഒരു വർഷം മദ്യത്തിൽ നിന്നുള്ള വരുമാനത്തേക്കാൾ അധികമാണ് മദ്യം വരുത്തുന്ന വിപത്തുകൾക്കായി ചെലവിടുന്നതെന്നും കണക്കുകൾ ഉദ്ധരിച്ച് ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു. സ്വാമി ജ്ഞാനതീർത്ഥ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ-യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, എസ്.സുവർണ്ണ കുമാർ, അജിത്ത് എറണാകുളം ,ഡി. ബാബുരാജ്, മോഹനൻ പഞ്ഞിവിള,അഡ്വ.സുബിത്ത്. എസ്. ദാസ് എന്നിവർ സംസാരിച്ചു.മംഗലാപുരം സമ്മേളന വിജയത്തിനായി അഹോരാത്രം യത്നിച്ച സ്വാമി ജ്ഞാനതീർത്ഥയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ് സ്വാമി സച്ചിദാനന്ദ ആമുഖ പ്രസംഗത്തിൽ പ്രശംസിച്ചു.

ഗുരുദേവൻ മനുഷ്യ

രാശിയുടെ സ്വത്ത്

ഗുരുദേവൻ പൊതുസ്വത്താണെന്നു തെളിയിക്കും വിധമായിരുന്നു ഡിസംബർ ആദ്യം മംഗലാപുരത്തു നടന്ന മഹാസംഗമമെന്ന് സ്വാമി ജ്ഞാനതീർത്ഥ പറഞ്ഞു.കർണാടക സർക്കാരിന്റെയും വിവിധ സമുദായത്തിൽപ്പെട്ടവരുടെയും വലിയ പിന്തുണയോടെ നടന്ന മഹാസംഗമത്തിൽ ഗുരുദേവൻ തങ്ങളുടെ ആരാധനാ മൂർത്തിയെന്ന് പ്രഖ്യാപിക്കും വിധമാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ: ശിവഗിരി തീർത്ഥാടന കാലത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി , സ്വാമി ജ്ഞാനതീർത്ഥ എന്നിവർ സമീപം