ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് പലപ്പോഴായി കൈമാറിയത് ഒന്നരക്കോടി രൂപ; തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറി ഗോവർദ്ധൻ

Saturday 20 December 2025 7:07 AM IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ നിര്‍ണായക മൊഴി പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്റെ തെളിവുകളും ഗോവര്‍ദ്ധൻ എസ്ഐടിക്ക് നൽകി. ഇന്നലെ അറസ്റ്റിലായ ഗോവർദ്ധനനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തിങ്കളാഴ്ച അപേക്ഷ നൽകും. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഇരുവരെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.

അതേസമയം, ഗോവർദ്ധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ദ്ധന്റെ വാദം. ഗോവര്‍ദ്ധന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർദ്ധന്റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.

ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ദ്ധന്റെ മൊഴി. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ദ്ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.