വിദ്യാർത്ഥിനികളെ രാത്രി സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്‌ആർടിസി ബസ്; പൊലീസിനെ വിളിച്ച് സഹയാത്രികർ

Saturday 20 December 2025 8:36 AM IST

തൃശൂർ: സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്‌ത പെൺകുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കിയില്ലെന്ന് പരാതി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.

കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയാറായില്ലെന്നാണ് പരാതി. പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുംവഴിയാണ് ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായരും പത്തനംതിട്ട സ്വദേശി ആൽഫ പി ജോർജും ബസിൽ കയറിയത്. രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോൾ ഇവിടെ ഇറങ്ങണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ ‍‍‍ഡ്രൈവറും കണ്ടക്ടറും അതിന് തയാറാകാതിരുന്നതോടെ കുട്ടികൾ കരച്ചിലായി. മാനുഷിക പരിഗണന കാണിക്കണമെന്നും കുട്ടികൾക്ക് ബസ് നിർത്തി നൽകണമെന്നും സഹയാത്രികരും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരമറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്ന് കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാൽ തിരികെപ്പോകാൻ വഴി അറിയില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്. സംഭവത്തിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചു.

വിവരമറിഞ്ഞ് ചാലക്കുടി എസ്എച്ച്‌ഒ എം കെ സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി. ഇവരെ പൊങ്ങത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളേജ് അധികൃതർ വരുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയയ്ക്കുകയായിരുന്നു. വിദ്യാർത്ഥിനികൾ സ്‌റ്റേഷൻ മാസ്‌റ്റർക്ക് പരാതി നൽകി.