നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ

Saturday 20 December 2025 9:00 AM IST

കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

1956 ഏപ്രിൽ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവൺമെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്‌എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്‌ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

1977ൽ പി എ ബക്കർ സംവിധാനം ചെയ്‌ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1984ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്‌ക്ക് കഥയെഴുതി. വിമലയാണ് ഭാര്യ. മക്കൾ - വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്രാവിന്റെ കഥ, കെ ജി ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‌ദം നൽകിയിട്ടുണ്ട്. പല്ലാംകുഴി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനും ശബ്‌ദം നൽകിയത് ശ്രീനിവാസനായിരുന്നു.

സന്മനസുള്ളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഞാൻ പ്രകാശൻ' ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാൻ, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ വിജയൻ, പൊൻമുട്ടയിടുന്ന താറാവിലെ സ്വർണപ്പണിക്കാരൻ, പാവം പാവം രാജകുമാരനിലെ പാരലൽ കോളേജ് അദ്ധ്യാപകൻ, വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ് കുമാർ തുടങ്ങി ശ്രീനിവാസൻ ജീവൻ നൽകിയ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികളുടെ ഓർമയിൽ തങ്ങിനിൽക്കുന്നവയാണ്.