ശ്രീനിവാസൻ മലയാള സിനിമയിലെ വൈക്കം മുഹമ്മദ് ബഷീർ, പച്ചയായി ആവിഷ്കരിച്ചത് ജീവിത യാഥാർത്ഥ്യങ്ങളെ

Saturday 20 December 2025 10:14 AM IST

സ്വയം അനുഭവിച്ച ജീവിത സാചര്യങ്ങളെ കുറിച്ചുകൊള്ളുന്ന നർമ്മത്തിൽ ചാലിച്ച് പച്ചയായി അവതരിപ്പിച്ചാണ് മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്വന്തം സ്ഥാനം ഉറപ്പിച്ചത്. സിനിമയിൽ അതേ സ്ഥാനമായിരുന്നു ശ്രീനിവാസന്. ബഷീറിന്റെയും ശ്രീനിവാസന്റെയും സൃഷ്ടികൾ ഒരു പ്രത്യേക കാലഘട്ടത്തിനുവേണ്ടിയുള്ളതായിരുന്നില്ല. അത് എല്ലാ കാലത്തിനും വേണ്ടിയുള്ളതായിരുന്നു. മലയാള സിനിമയിലെ ഏ​റ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമർശന സിനിമകളുടെ പട്ടികയെടുത്താൽ അതിൽ കൂടുതലും ശ്രീനിവാസൻ സിനിമകളായിരുന്നു എന്ന് നിസംശയം പറയാം.

1977ൽ പികെ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേക്ക് എത്തുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞാണ് തിരക്കഥാകൃത്തെന്ന നിലയിൽ ശ്രീനിവാസൻ തന്റെ വരവറിയിച്ചത്. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയായിരുന്നു അത്. മലയാളിക്ക് എക്കാലത്തും ചിന്തിച്ച് ചിരിക്കാൻ നിരവധി സിനിമകളാണ് ആ തൂലികയിൽ നിന്ന് പിറവികൊണ്ടത്. ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങൾ കൂടിയായിരുന്നു ഓരോ ചിത്രങ്ങളും.

സർക്കാർ ഓഫീസുകളിലെയും കരാർ സമ്പ്രദായത്തിലെയും നൂലാമാലകൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞതാണ്. പക്ഷേ, ആ വരണ്ട വിഷയം ശ്രീനിവാസന്റെ തൂലികയിലൂടെ സിനിമയായപ്പോൾ മലയാളികൾ ആർത്തലച്ചുചിരിച്ചു.പതിറ്റാണ്ടുകൾക്കുശേഷവും ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. മലയാളം ഉളളകാലത്തോളം ചിരിക്കുകയും ചെയ്യും. അറുബോറായ ഒരുപ്രമേയത്തെ ഇത്രയും രസകരമായി അവതരിപ്പിക്കാൻ ശ്രീനിക്കല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ എന്ന സംശയമാണ്.

മോഹൻലാലിനെ നായകനാക്കി ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയാണ് വരവേൽപ്പ് . ഈ സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് ശ്രീനിവാസൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അച്ഛൻ വാങ്ങിയ ബസും അത് തല്ലിത്തകർത്തതുമെല്ലാം കോർത്തിണക്കിയാണ് വരവേൽപ്പിന്റെ കഥ ഒരുക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ജീവിക്കാനായും മറ്റുചിലർക്ക് താെഴിൽ നൽകാനുമായി, കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ട് ബസ് വാങ്ങുകയും രാഷ്ട്രീയപാർട്ടിക്കാരുടെയും കുത്തക മുതലാളിമാരുടെയും ഉദ്യോഗസ്ഥരുടെയും ശത്രുതാപരമായ പ്രവൃത്തികൾ മൂലം പ്രവാസി മലയാളിയായ ആ വ്യക്തി കുത്തുപാളയെടുക്കുന്ന അവസ്ഥ സിനിമയിലൂടെ കണ്ടപ്പോൾ മനസുനോവാത്തവരായി മലയാളികളാരും ഉണ്ടാവില്ല.

ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെയാണ് തുറന്നുകാട്ടിയത്. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള.