ശ്രീനിയെ അവസാനമായി കാണാൻ ലാലും മമ്മൂട്ടിയുമെത്തി,​ എറണാകുളം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു

Saturday 20 December 2025 1:05 PM IST

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം എറണാകുളം ടൗൺ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആംബുലൻസിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിച്ചത്. മൂന്നുമണിവരെ പൊതുദ‌ർശനം തുടരും. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.