ശ്രീനിവാസന് വിട; എറണാകുളം ടൗൺഹാളിലെ പൊതുദർശനം അവസാനിച്ചു, ഭൗതികശരീരം കണ്ടനാട്ടെ വസതിയിലെത്തിക്കും
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ പൊതുദർശനം എറണാകുളം ടൗൺഹാളിൽ അവസാനിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച പൊതുദർശനം മൂന്നര വരെ നീണ്ടു. ശ്രീനിവാസനെ അവസാനമായി ഒരുനോക്കുകാണാൻ മോഹൻലാലും മമ്മൂട്ടിയുമടക്കം സിനിമാമേഖലയിലെ പ്രമുഖർ എത്തിയിരുന്നു. കണ്ടനാട്ടെ വസതിയിലേക്കാണ് ശ്രീനിവാസന്റെ ഭൗതികശരീരം തിരികെ കൊണ്ടുപോകുന്നത്. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.