അച്ഛന്റെ വിയോഗവാർത്ത വിനീത് അറിഞ്ഞത് ചെന്നൈ യാത്രയ്‌ക്കിടെ; ഉടൻ അമ്മയ്‌ക്കരികിലേക്ക്
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡയാലിസിസിനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി അസ്വസ്ഥതയുണ്ടാകുകയും, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ എട്ടരയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ വിമല മാത്രമാണ് അടുത്തുണ്ടായിരുന്നത്. രാവിലെ മൂത്ത മകൻ വിനീത് ശ്രീനിവാസൻ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനായി കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് അച്ഛന്റെ വിയോഗ വാർത്ത വിനീത് അറിഞ്ഞത്. ഉടൻതന്നെ യാത്ര റദ്ദാക്കി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കരികിലേക്ക് എത്തുകയായിരുന്നു.
ശ്രീനിവാസന്റെ പാത പിന്തുടർന്ന് രണ്ട് മക്കളും സിനിമയിലെത്തി. 'മകന്റെ അച്ഛൻ' എന്ന ചിത്രത്തിൽ വിനീതും ശ്രീനിവാസനും അച്ഛനും മകനുമായിത്തന്നെ അഭിനയിച്ചു. അച്ഛനെപ്പോലെത്തന്നെ ധ്യാനും വിനീതും സംവിധായക കുപ്പായവുമണിഞ്ഞിട്ടുണ്ട്. മലർവാടി ആർട്ട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു. ലൗ ആക്ഷൻ ഡ്രാമയാണ് ധ്യാൻ സംവിധാനം ചെയ്ത ചിത്രം.
ശ്രീനിവാസൻ നല്ലൊരു കർഷകൻ കൂടിയായിരുന്നു. ശുദ്ധമായ, കീടനാശിനി ചേർക്കാത്ത പച്ചക്കറി കൃഷി ചെയ്തു. ഇക്കാര്യത്തിലും അച്ഛന്റെ വഴി ധ്യാൻ പിന്തുടർന്നു. അടുത്തിടെ തരിശായി കിടന്ന കണ്ടനാട്ടെ പാടങ്ങൾ പുനരുജ്ജീവിപ്പിച്ച് നെൽകൃഷി, പച്ചക്കറി കൃഷി എന്നിവയാണ് ചെയ്യാൻ തുടങ്ങിയത്.