ഒരുമിച്ച് സിനിമ പഠിച്ചു; വർഷങ്ങൾ നീണ്ട ബന്ധം, രജനികാന്തിനെ കരയിപ്പിച്ച ശ്രീനിവാസൻ

Saturday 20 December 2025 11:32 AM IST

നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ, തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആർട്ടിസ്റ്റ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസൻ. ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു തമിഴ് സൂപ്പർ താരം രജനികാന്ത്. സിനിമാരംഗത്ത് വരുന്നതിന് മുമ്പ് തുടങ്ങിയ സൗഹൃദത്തെക്കുറിച്ചും ഒരിക്കൽ താൻ രജനികാന്തിനെ കരയിച്ചതിനെക്കുറിച്ചും ശ്രീനിവാസൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

2007ൽ ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ചിത്രമാണ് 'കഥ പറയുമ്പോൾ'. ചിത്രം വൻ വിജയമായിരുന്നു. സിനിമ കണ്ട പ്രശസ്‌ത തമിഴ് സംവിധായകൻ പി വാസു അത് കാണാൻ രജനികാന്തിനോട് പറഞ്ഞു. 2008ൽ നൽകിയ ഒരു അഭിമുഖത്തിലാണ് സിനിമ കണ്ടശേഷം രജനികാന്ത് തന്നോട് പറഞ്ഞതിനെക്കുറിച്ച് ശ്രീനിവാസൻ തുറന്നുപറഞ്ഞത്.

'ഞാൻ അന്ന് മുംബയിലായിരുന്നു. തീയേറ്ററിൽ എത്തിയപ്പോഴേക്കും സിനിമ അവസാനിക്കാറായി. അധികം വൈകാതെ സിനിമ കണ്ട് പുറത്തേക്കിറങ്ങുന്ന രജനികാന്തിനെ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. വികാരാധീനനായ അദ്ദേഹം എന്നെ നോക്കി വരികയും ഏറെനേരം കെട്ടിപ്പിടിക്കുകയും ചെയ്‌തു. നീ എന്നെ കരയിപ്പിച്ച് കളഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്' - ശ്രീനിവാസൻ അന്ന് പറഞ്ഞു.

അശോക് കുമാർ എന്ന സൂപ്പർ താരത്തെക്കുറിച്ചും ബാലൻ എന്ന ബാർബറെക്കുറിച്ചുമായിരുന്നു സിനിമയുടെ കഥ. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ശിവാജി റാവു എന്ന പഴയ സുഹൃത്ത് പിന്നീട് രജനികാന്ത് എന്ന മഹാനടനായി മാറുമെന്ന് അന്ന് കരുതിയിരുന്നില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച അശോക് കുമാർ എന്ന കഥാപാത്രത്തെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ അവതരിപ്പിച്ചത് രജനികാന്താണ്. പശുപതിയായിരുന്നു തമിഴിൽ ബാലന്റെ വേഷം ചെയ്‌തത്.