'എന്റെ ശ്വാസകോശം കണ്ടുപിടിക്കാൻ ഞാൻതന്നെ ബുദ്ധിമുട്ടി'- പുകവലി നിറുത്തിയതിനെക്കുറിച്ച് ശ്രീനിവാസൻ

Saturday 20 December 2025 11:38 AM IST

ഒരുകാലത്ത് പുകവലിക്ക് അഡിക്ടായിരുന്നു നടൻ ശ്രീനിവാസൻ. കോളേജ് പഠനകാലത്ത് തുടങ്ങിയ പുകവലി പിന്നീട് ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുകവലി നിറുത്താൻ തീരുമാനിച്ചതെന്നാണ് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

'വലി പൂർണമായി നിറുത്താൻ തീരുമാനിക്കുന്നതിനുമുമ്പ് പലതവണ നിറുത്തിയിരുന്നു. പക്ഷേ, അപ്പോഴൊക്കെ വലി വീണ്ടുംതുടങ്ങുകയും ചെയ്തു. ഒരുദിവസം നാൽപ്പത് സിഗരറ്റുവരെ വലിച്ചിരുന്നു. അസുഖത്തിന്റെ ലക്ഷണമൊന്നുമില്ലെങ്കിലും ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഡോക്ടറെ കണ്ടു. എക്‌സ്റേയും സ്കാനിംഗുമൊക്കെ കഴിഞ്ഞു. പരിശോധനാ റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ എന്റെ ശ്വാസകോശം കണ്ടുപിടിക്കാൻ ഞാൻതന്നെ ബുദ്ധിമുട്ടി.

ഈ രീതിയിൽ പുകവലിച്ച നിങ്ങൾ ഇരുപതുവർഷം മുന്നേ മരിക്കേണ്ടതായിരുന്നു എന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്. സാധാരണ ആളുകളുടേതിനെക്കാൾ നിങ്ങളുടെ ആർട്ടറിക്ക് വ്യത്യാസം കൂടുതലാണ്. അതുകൊണ്ടാണ് ബ്ലോക്കുകൾ ഉണ്ടാവാത്തതെന്ന് ഡോക്ടർ വിശദീകരിച്ചുതന്നു. സാധാരണമല്ലാത്തത് എന്നാൽ മാനുഫാക്ചറിംഗ് ഡിഫക്ടാണ്. എല്ലാവർക്കും ഈ ആനുകൂല്യം കിട്ടണമെന്നില്ല. സിഗരറ്റ് വലിക്കുമ്പോൾ കിട്ടിയിരുന്ന സുഖം എന്താണെന്ന് വീട്ടിലേക്കുള്ള യാത്രയിൽ ആലോചിച്ചു. വലി നിറുത്തിയാലും അത് ഓർമ്മിച്ചുവയ്ക്കാനായി ഒരു സിഗരറ്റ് കത്തിച്ച് ആസ്വദിച്ച് വലിച്ചു. അത് തീർന്നതിന് പുറകേ അടുത്തത് കൊളുത്തി. പക്ഷേ, മടുപ്പുതോന്നി. പിന്നെ ഇതുവരെ വലിക്കണമെന്ന് തോന്നിയിട്ടില്ല'- ശ്രീനിവാസൻ പറഞ്ഞു

തീരുമാനം ഉറച്ചതാണെന്നും സംശയം തോന്നിയാൽ നോക്കാൻ ശ്വാസകോശത്തിന്റെ ചിത്രം വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും ശ്രീനിവാസൻ തമാശകലർത്തി പറഞ്ഞിരുന്നു.