'ഏറെ ദുഃഖത്തിലാണ് ഞാൻ, അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എന്നും ജീവിക്കും'; മോഹൻലാൽ

Saturday 20 December 2025 12:05 PM IST

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. തന്റെ സിനിമാ ജീവിതത്തിൽ ഒരുപാ‌ട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ - പ്രിയദർശൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടുകൾ. അതിൽ ഒരാൾ നമ്മളെ വിട്ടുപോകുന്നുവെന്നത് അതീവ ദുഃഖകരമാണെന്നും മോഹൻലാൽ പറഞ്ഞു.

'ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല. അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എപ്പോഴും ജീവിച്ചിരിക്കാൻ സാദ്ധ്യതയുള്ള അപൂർവം ചിലരിൽ ഒരാളാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് ഞങ്ങളുടേത്. സിനിമാനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും ഞങ്ങൾക്കിടയിലുണ്ടായിരുന്നു.

മലയാളികൾക്ക് മുന്നിലേക്ക് നർമത്തിലൂടെ ഒരുപാട് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞ കലാകാരനാണ് അദ്ദേഹം. സർക്കാസ്റ്റിക്കായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. നല്ല സിനിമകൾക്ക് വേണ്ടിയാണ് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തിയാണ്.

അടുത്ത കാലത്ത് അദ്ദേഹം അമൃതയിൽ ചികിത്സയിൽ ഉണ്ടായിരുന്നപ്പോൾ ഞാനവിടെ പോയിരുന്നു. പക്ഷേ, ഒരു ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാൽ കാണാൻ സാധിച്ചിരുന്നില്ല. അല്ലെങ്കിൽ ഒരിക്കൽ കൂടി അദ്ദേഹത്തെ കാണാൻ സാധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എല്ലാവരും വളരെ സങ്കടത്തിലാണ്. അതിലേറെ ദുഃഖത്തിലാണ് ഞാൻ' - മോഹൻലാൽ പറഞ്ഞു.