പരസ്പരം കൗണ്ടറടിച്ച് ചിരിയോടെ ആസ്വദിക്കുന്ന അച്ഛനും മകനും; ശ്രീനിവാസൻ വിടവാങ്ങിയത് ധ്യാനിന്റെ ജന്മദിനത്തിൽ
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ വിടവാങ്ങിയത്. ഡയാലിസിസിനായി കൊച്ചിയിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം. ഇന്ന് ഇളയമകൻ ധ്യാനിന്റെ മുപ്പത്തിയേഴാം ജന്മദിനം കൂടിയായിരുന്നുവെന്ന ഒരു യാദൃശ്ചികതയുണ്ട്.
മരണസമയത്ത് ധ്യാൻ അടുത്തുണ്ടായിരുന്നില്ല. വിവരമറിഞ്ഞതും നിറകണ്ണുകളോടെ അച്ഛനരികിലേക്ക് എത്തി. അച്ഛന്റെ വിടവാങ്ങൽ ധ്യാനിനെ തകർത്തുകളഞ്ഞിട്ടുണ്ട്. അത്രയും വലിയൊരു ഹൃദയബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. അച്ഛനും അമ്മയ്‌ക്കുമൊപ്പം കൊച്ചിയിലെ വീട്ടിലായിരുന്നു ധ്യാനും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്.
പൊതുവേദികളിൽപ്പോലും പരസ്‌പരം കൗണ്ടറടിക്കുകയും അത് ഇരുവരും ആസ്വദിക്കുകയും ചെയ്‌തിരുന്നുവെന്നതാണ് ഈ അച്ഛനെയും മകനെയും വേറിട്ടതാക്കുന്നത്. പറയാനുള്ളത് മുഖം നോക്കാതെ തുറന്നുപറയുന്നയാളാണ് ശ്രീനിവാസൻ. അതേ സ്വഭാവം ധ്യാനിനും കിട്ടിയിട്ടുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നത്, ആത് ആർക്കെതിരെയാണെങ്കിലും വിളിച്ചുപറയാനുള്ള ധൈര്യം ശ്രീനിവാസനെപ്പോലെത്തന്നെ ധ്യാനിനുമുണ്ട്.
മോഹൻലാലിനെ ശ്രീനിവാസൻ മുമ്പ് വിമർശിച്ചിരുന്നു. ഇതിനെതിരെ ധ്യാൻ രംഗത്തെത്തിയിരുന്നു. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നായിരുന്നു ധ്യാൻ അന്ന്പറഞ്ഞത്. പിന്നീട് മോഹൻലാലിനോട് ശ്രീനിവാസൻ മാപ്പ് പറഞ്ഞതായും ധ്യാൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
ധ്യാൻ തന്നെ ട്രോളുന്നത് ചെറു ചിരിയോടെയാണ് ശ്രീനിവാസൻ കേൾക്കുക. തിരിച്ചും അതുപോലെത്തന്നെ. ഇന്റർവ്യൂ സ്റ്റാർ എന്നാണ് ധ്യാൻ അറിയപ്പെടുന്നത്. എന്നാൽ അച്ഛനെയോ അമ്മയേയോ കുറിച്ച് പറയാത്ത അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ വളരെ ചുരുക്കമാണ്. കുടുംബത്തിലെ തമാശകളും മറ്റുമായിരിക്കും ധ്യാൻ പറയുന്നത്. ധ്യാൻ സംവിധാനം ചെയ്‌ത ലൗ ആക്ഷൻ ഡ്രാമയിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്.