'എനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നി, തിരിച്ചുവരാനായി പോയി '; അങ്ങനെ ശ്രീനിവാസൻ സിനിമാക്കാരനായി

Saturday 20 December 2025 12:40 PM IST

ആക്ഷേപഹാസ്യത്തിലൂടെ മലയാള സിനിമയുടെ തമ്പുരാനായ ശ്രീനിവാസൻ സിനിമയിലേക്ക് എത്തപ്പെട്ടത് തികച്ചും യാദൃശ്ചികമാണ്. താൻ ഒരിക്കലും ചാൻസ് ചോദിച്ച് നടന്നിട്ടില്ലെന്നും മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് സിനിമ തനിക്ക് പറ്റുന്ന പണിയല്ലെന്ന് കണ്ട് സിനിമാഭ്രമം മതിയാക്കി തിരികെ പോന്നതാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.എന്നാൽ പിന്നീട് പിഎ ബക്കറിന്റെ സിനിമയിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേക്ക് എത്തിയത്.

'എറണാകുളത്ത് ഒരു പടമുണ്ട്. അടുത്തമാസം ശ്രീനിവാസൻ വരികയാണെങ്കിൽ ഏതെങ്കിലും റോൾ അഭിനയിക്കാം.ഞാൻ ചാൻസ് ചോദിച്ചതുമില്ല ; ബക്കർജി ഒന്നും ഓഫർ ചെയ്തുമില്ല. പണമില്ലാത്തതിന്റെ ബുദ്ധിമുട്ട് ചെറുപ്പകാലം മുതൽ അനുഭവിച്ചിരുന്നു.ചെന്നൈ ഫിലിം ചേംബറിൽ പഠിക്കുമ്പോൾ ഫ്രഞ്ച്, ഇറ്റാലിയൻ സിനിമകളാണ് കൂടുതൽ കണ്ടത്. അപ്പോഴാണ് സിനിമ നമ്മളൊന്നും കൂട്ടിയാൽ കൂടുന്ന പരിപാടിയല്ലെന്ന് തോന്നിത്തുടങ്ങിയത്. സിനിമയേക്കാൾ ഇഷ്ടം നാടകത്തോടായിരുന്നു. മൂന്നുസിനിമകൾ കഴിഞ്ഞപ്പോൾ സിനിമ ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു. നാടകത്തിലായിരുന്നു പിന്നെ സജീവമായത്.

അക്കാലത്ത് 'ആരുടെ സാമ്രാജ്യം' എന്നൊരു ആക്ഷേപഹാസ്യ നാടകം എഴുതി. തൃക്കരിപ്പൂരിൽ സുഹൃത്തുക്കൾക്കൊപ്പം റിഹേഴ്‌സൽ നടക്കുമ്പോഴായിരുന്നു മദിരാശിയിൽ നിന്ന് സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് ടെലിഗ്രാം വന്നത്. ആദ്യം പോകുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി സിനിമയിൽ അഭിനയിക്കാൻ വണ്ടികയറി. തിരിച്ചുവരണം എന്ന് കരുതിത്തന്നെയാണ് പോയത്. പക്ഷേ, അതുണ്ടായില്ല. ഞാൻ സിനിമയ്ക്ക് അകത്തായി'-ഇങ്ങനെയാണ് സിനിമയിലേക്കുള്ള കടന്നുവരവിനെപ്പറ്റി ശ്രീനിവാസൻ പറഞ്ഞത്.