'മാനേജ്‌മെന്റ് എന്താണ് ശ്രമിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം, ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത് ഇർഫാൻ ഭായ്'

Saturday 20 December 2025 12:54 PM IST

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ബെഞ്ചിൽ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങിയ സഞ്ജു സാംസൺ മികച്ച തുടക്കമാണ് ടീമിന് നൽകിയത്. 200 കടന്ന് കൂറ്റൻ സ്‌കോറിലേക്ക് കടക്കാൻ ഓപ്പണർമാരായി ഇറങ്ങിയ അഭിഷേകിന്റെയും സഞ്ജുവിന്റെ കൂട്ടുകെട്ട് വഴിയൊരുക്കി. 34 പന്തുകളിൽ 63 റൺസ് അടിച്ചുകൂട്ടി അഭിഷേക് (34) സഞ്ജു (37)സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു മികച്ച ഷോട്ടുകളിലൂടെ കാണികളുടെ മനം കവർന്നു.

പതിവുശൈലിയിൽ കസറിയ അഭിഷേകും ചേർന്നപ്പോൾ അഞ്ചാം ഓവറിൽ ഇന്ത്യ 50 കടന്നു. 21 പന്തുകളിൽ ആറു ഫോറും ഒരു സിക്സും പായിച്ച അഭിഷേകിനെ ആറാം ഓവറിൽ ബോഷിന്റെ ബൗളിംഗിൽ കീപ്പർ ഡികോക്ക് പിടികൂടുകയായിരുന്നു. പകരമിറങ്ങിയ തിലക് വർമ്മയെക്കൂട്ടി സഞ്ജു മുന്നോട്ടുനീങ്ങി. 22 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തിയ സഞ്ജു പത്താം ഓവറിലെ ആദ്യ പന്തിൽ ലിൻഡെയുടെ ബൗളിംഗിൽ ബൗൾഡാപ്പോൾ ടീം സ്‌കോർ 97/2 എന്ന നിലയിലായിയിരുന്നു.

ആദ്യ മത്സരങ്ങളിൽ ബെഞ്ചിലിരുന്ന സഞ്ജു വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് അവസരം ലഭിച്ചത്. മത്സരത്തിൽ മികച്ച ഇന്നിംഗ്സ് സഞ്ജു സമ്മാനിച്ചതോടെ ട്വന്റി 20 ലോകകപ്പിന് ഓപ്പണറാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സഞ്ജു. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാന്റെ ചോദ്യത്തിനാണ് സഞ്ജുവിന്റെ മറുപടി.

'നിങ്ങൾ എന്നെ ഓപ്പണറാക്കി, എനിക്ക് ഇനിയെന്ത് പറയാൻ സാധിക്കും? ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്, ഇർഫാൻ ഭായ്. ടീം അന്തരീക്ഷം എങ്ങനെയെന്നത് വളരെ പ്രധാനമാണ്. വലിയൊരു ടൂർണമെന്റ് വരുന്നുണ്ടെന്നത് വളരെ ശരിയാണ്. ആവശ്യത്തിന് മത്സര പരിചയം എനിക്കുണ്ട്. അതുകൊണ്ട് മാനേജ്‌മെന്റ് എന്താണ് ശ്രമിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം. സൂര്യ ഭായ്, ഗൗതം ഭായ് എന്നിവരുമായി എനിക്ക് നല്ല അടുപ്പമുണ്ട്. എല്ലാം അവരോട് തുറന്നു സംസാരിക്കാറുണ്ട്'- സഞ്ജു പറഞ്ഞു.