'മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടമാണ്, അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യം'; ഹരിശ്രീ അശോകൻ
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം രേഖപ്പെടുത്തി നടനായ ഹരിശ്രീ അശോകൻ. ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടമാണ്. കഥാകൃത്ത്, തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ ഏത് മേഖലയിലും സ്വന്തമായ ശൈലി പിന്തുടർന്നിരുന്ന വ്യക്തിയാണ് ശ്രീനിവാസനെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
ശ്രീനിവാസന്റെ വിയോഗ വാർത്ത കേട്ട് സിനിമ പ്രേമികൾ മാത്രമല്ല, എല്ലാ ആളുകളും ഞെട്ടിയിരിക്കുകയാണ്. അത്രമേൽ ആളുകൾ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചതും സംസാരിക്കാൻ സാധിച്ചതും കുറേയേറെ സമയം ചെലവഴിക്കാൻ സാധിച്ചതും ഭാഗ്യമായി കണക്കാക്കുന്നു. അങ്ങനെയുള്ള ഒരാൾ നഷ്‌ടപ്പെട്ട് പോകുകയെന്നാൽ വളരെയേറെ ദുഖമുള്ളതാണെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം.
കേരളത്തിലെ രാഷ്‌ട്രീയ, സാംസ്‌കാരിക, സിനിമാ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾ എറണാകുളം ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.