ഒരു പാർട്ടിയിലും പെടാത്ത നിഷ്പക്ഷമതികളായ കുറേ ജനങ്ങളുണ്ടല്ലോ, ആ തെണ്ടികളാ നമ്മളെ പറ്റിച്ചത് ...
സന്ദേശം സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങുന്നതിനുമുമ്പ്, ഒരുകാലത്തും മറക്കാൻ കഴിയാത്ത സംഭാഷണങ്ങളാവും സിനിമയിൽ ഉണ്ടാവുക എന്ന് ശ്രീനിവാസൻ സംവിധായകൻ സത്യൻ അന്തിക്കാടിന് വാക്കുകൊടുത്തിരുന്നത്രേ. തിരക്കഥയിലെ ഒരുവരിപോലും എഡിറ്റുചെയ്ത് കളഞ്ഞിട്ടില്ലെന്ന് സന്ദേശത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കേരള രാഷ്ട്രീയത്തിന് കാലമെത്രകഴിഞ്ഞാലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന് മനസിലാക്കിയ ശ്രീനിവാസന്റെ ദീർഘദൃഷ്ടിയാണ് ഓരോ സംഭാഷണത്തിലും പ്രകടമാകുന്നത്. ശ്രീനിവാസന്റെ വിലയിരുത്തലുകൾ അല്പംപോലും തെറ്റിയിട്ടില്ലെന്ന് കാലം കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു.
മൂന്നാംവട്ടവും സംസ്ഥാനഭരണം മോഹിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിറങ്ങിയ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കനത്ത തിരിച്ചടികിട്ടിയപ്പോൾ എൽഡിഎഫുകാരെയും പ്രത്യേകിച്ച് സിപിഎമ്മുകാരെയും കണക്കിന് പരിഹസിക്കാൻ സോഷ്യൽ മീഡിയയിൽ ഏറ്റവുംകൂടുതൽ പ്രത്യക്ഷപ്പെട്ടത് സന്ദേശത്തിലെ ഡയലോഗുകളും അതടങ്ങിയ ട്രോൾ കാർഡുകളും സ്റ്റിക്കറുകളുമായിരുന്നു. മുപ്പത്തിനാലുവർഷം മുമ്പ് പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ ഓരോ സംഭാഷണവും ഇന്നിന്റെ രാഷ്ട്രീയത്തിനെ മാത്രമല്ല എക്കാലത്തേതിന്റേതും കൂടിയാണ് എന്ന് തെളിയിക്കുന്നതായിരുന്നു ഇത്.
തങ്ങളുടെ മുന്നണി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഇടതുനേതാവായ ശ്രീനിവാസനും അനുയായിയായ ഉത്തമനായി വേഷമിട്ട ബോബി കൊട്ടാരക്കയും പാർട്ടി ഓഫീസിലിരുന്ന് തോൽവിയുടെ കാരണത്തെപ്പറ്റി ചർച്ചചെയ്യുന്നൊരു രംഗമുണ്ട്. എന്താ ഉത്തമാ ജനങ്ങൾ നമ്മളോടിങ്ങനെ ചെയ്തതെന്ന് ശ്രീനിവാസന്റെ കഥാപാത്രം ചോദിക്കുന്നതും അതിന് ഉത്തമൻ കൊടുക്കുന്ന മറുപടിയുമാണ് ട്രോളുകാർക്ക് ഏറെ ഇഷ്ടം. ഒരു പാർട്ടിയിലും പെടാത്ത നിഷ്പക്ഷമതികളായ കുറേ ജനങ്ങളുണ്ടല്ലോ, ആ തെണ്ടികളാ നമ്മളെ പറ്റിച്ചത് എന്ന ഡയലോഗിൽ ചിരിക്കാത്ത രാഷ്ട്രീയക്കാരുണ്ടാവില്ല. പക്ഷം നോക്കാതെ എല്ലാവർക്കും കൊള്ളുന്ന തരത്തിലായിരുന്നു ചിത്രത്തിലെ ഡയലോഗുകളിൽ ഒട്ടുമുക്കാലും. നമ്മുടെ ഗവൺമെന്റ് എന്തൊക്കെ ജനങ്ങൾക്കുകൊടുത്തുവെന്ന് ശ്രീനിവാസന്റെ കഥപാത്രം ചോദിക്കുമ്പോൾ ഏറെയും വാഗ്ദാനങ്ങളായിരുന്നു എന്ന ഉത്തമന്റെ മറുപടിക്കും എക്കാലത്തും പ്രാധാന്യമുണ്ട്.
അനുയായികളെ പാർട്ടി ചട്ടക്കൂടിനുള്ളിൽ നിൽക്കാൻ പ്രേരിപ്പിക്കുകയും എന്നാൽ സ്വയം അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്നിന്റെ ചില നേതാക്കളെ സന്ദേശത്തിലെ പാർട്ടിയുടെ താത്വികാചാര്യനായ കുമാരപിള്ളയിൽ കാണാം. ഭരണവിരുദ്ധ വികാരമില്ല, വോട്ടിംഗ് ശതമാനം നോക്കുകയാണെങ്കിൽ നമ്മുടെ പാർട്ടിക്ക് വോട്ടുകുറഞ്ഞിട്ടില്ല. ജനകീയ അടിത്തറ തകർന്നിട്ടുമില്ല എന്ന് ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ച് മാദ്ധ്യമങ്ങൾക്കുമുന്നിൽ പറയുന്ന ഇടതുനേതാക്കളുമായി കുമാരപിള്ളയ്ക്ക് സാമ്യം കണ്ടാൽ അത് ഒരിക്കലും യാഥൃശ്ചികമല്ല. കാലമെത്ര മുന്നോട്ടുപോയാലും ഇവിടത്തെ രാഷ്ട്രീയവും നേതാക്കളും ഇങ്ങനെതന്നെയായിരിക്കും എന്ന് വർഷങ്ങൾക്കുമുന്നേതന്നെ ശ്രീനിവാസൻ വ്യക്തമായി മനസിലായിരുന്നു.
അനുഭവങ്ങൾക്കൊപ്പം ശക്തമായ നിരീക്ഷണവുമാണ് കാലാതിവർത്തികളായ സംഭാഷണങ്ങൾ രചിക്കാൻ ശ്രീനിവാസനെ സഹായിച്ചത്. പാർട്ടിക്കാരെ വലിച്ചുകീറുന്ന ഡയലോഗുകൾ എഴുതിയെങ്കിലും ഒരുസർക്കാരും ആ വായ അടപ്പിക്കാൻ ശ്രീനിവാസനെതിരെ കേസെടുത്തിരുന്നില്ല.