ശ്രീനിവാസൻ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത സർഗപ്രതിഭ: രമേശ് ചെന്നിത്തല

Saturday 20 December 2025 2:13 PM IST

തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രീനിവാസൻ കാലത്തിന് മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചു. വളരെ വർഷങ്ങൾ നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരിക്കലും രാഷ്ട്രീയം സംസാരിക്കാത്ത സിനിമയെയും സാഹിത്യത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്ന സുഹൃത് ബന്ധമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.

ഉയർന്ന സാമൂഹികാവബോധമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ കാതൽ. സന്ദേശമായാലും ചിന്താവിഷ്ടയായ ശ്യാമളയായാലും സാധാരണമനുഷ്യരുടെ ജീവിതങ്ങളെ അദ്ദേഹം അസാധാരണമാം വിധം സ്വാംശീകരിക്കുകയും അവയ്ക് ചലച്ചിത്രാവിഷ്‌കാരം നൽകുകയും ചെയ്തു.വളരെ നൈസർഗികമായ അഭിനയശേഷിയുള്ളയാളായിരുന്നു ശ്രീനിവാസൻ.

ധാരാളം പുസ്തകങ്ങൾ വായിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ ഓരോ ചലനവും കൃത്യമായി പിന്തുടരുന്ന ശ്രീനിവാസൻ ഒരേ സമയം ചലച്ചിത്രകാരനും സാമൂഹ്യ വിമർശകനുമായിരുന്നു. സിനിമയെന്ന തന്റെഴ മാദ്ധ്യമത്തിലൂടെ താൻ ജീവിക്കുന്ന കേരളീയ സമൂഹത്തിന്റെ നടപ്പുമാതൃകകളെ അദ്ദേഹം വിമർശിക്കുകയും പരിഹസിക്കുകയു ചെയ്തു. സാഹിത്യത്തിൽ വികെഎന്നിനെ നമ്മൾ അഭിവനവ കുഞ്ചൻ നമ്പ്യാർ എന്ന് വിളിക്കുമെങ്കിൽ സിനിമയിൽ ആ പേരിന് അർഹത ശ്രീനിവാസനു തന്നെയാണ്. ഇനി ഇതുപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കിൽ നമ്മൾ ദശാബ്ദങ്ങൾ കാത്തിരിക്കണമെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.