'മറ്റൊരു തിരക്കഥാകൃത്തിനും അതിന് സാധിക്കില്ല'; ശ്രീനിവാസനെക്കുറിച്ച് ജഗദീഷ് പറഞ്ഞതിങ്ങനെ
ശ്രീനിവാസനെക്കുറിച്ച് നടൻ ജഗദീഷ് മുൻപ് ഒരു പരിപാടിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ശ്രീനിവാസൻ ലോക സിനിമയിൽ തന്നെ അത്ഭുതമാണെന്നാണ് ജഗദീഷ് പറഞ്ഞത്. ആദ്യ ദിവസം തന്നെ തിരക്കഥയുടെ അവസാനത്തെ സീനും എഴുതിനൽകാൻ ശ്രീനിവാസന് കഴിയും. മറ്റൊരു തിരക്കഥാകൃത്തിനും ഇത് സാധിക്കില്ലെന്ന് നടൻ വെളിപ്പെടുത്തി.
'ഡീറ്റെയിൽ ആയിട്ടുള്ള തിരക്കഥ ഫുൾസ്‌കാപ്പ് പേപ്പറിലാണ് ശ്രീനി എഴുതിവയ്ക്കാറുള്ളത്. അതിൽ ഓരോ ദിവസവും ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങൾ മാർജിനിൽ പോയിന്റുകളായി എഴുതിവയ്ക്കും. തിരക്കഥയിൽ മൊത്തം 98 സീനുകളുണ്ടെങ്കിൽ 97ാമത്തെ സീനും ആദ്യദിവസം തന്നെ എഴുതി കൊടുക്കും. ഇത് വേറൊരു എഴുത്തുകാരനെകൊണ്ടും പറ്റില്ല. കഥ വികസിക്കുമ്പോൾ ഒരു കഥാപാത്രം എങ്ങനെയാണ് സംസാരിക്കുക, എങ്ങനെയാണ് പെരുമാറുക എന്നത് ഒരു അഞ്ചുസീൻ എഴുതിക്കഴിയുമ്പോഴാകും പിടികിട്ടുക. എന്നാൽ ആദ്യദിവസം തന്നെ 97ാമത്തെ സീനും എഴുതിക്കൊടുക്കാൻ ശ്രീനിവാസന് കഴിയും'- എന്നായിരുന്നു ജഗദീഷിന്റെ വാക്കുകൾ.
അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച ശ്രീനിവാസൻ ഇന്നുരാവിലെയാണ് സിനിമാലോകത്തോട് വിട പറഞ്ഞത്. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സായ്‌കുമാർ, ബിന്ദു പണിക്കർ, സത്യൻ അന്തിക്കാട് തുടങ്ങി സിനിമാലോകത്തെ അനേകം പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി.