വയനാട് കടുവാ ആക്രമണം; ഊരുമൂപ്പനെ ക‌ടിച്ചുകൊന്നു, മേഖലയിൽ പ്രതിഷേധം

Saturday 20 December 2025 4:15 PM IST

വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളിയിൽ ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനെയാണ് (65) കടുവ കടിച്ചു കൊന്നത്. സഹോദരിയോടൊപ്പം പുഴയോരത്ത് വിറക് ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കബനി നദിയിലേക്ക് ഒഴുകുന്ന കന്നാരം പുഴയ്ക്ക് സമീപമാണ് സംഭവം. മൂപ്പനെ കടുവ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സാഹോദരി ഓടി രക്ഷപ്പെട്ടു.

ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിദ്ധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി കടുവയെ പിടികൂടാനും തുടർനടപടി സ്വീകരിക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. മൂപ്പന്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റാൻ അനുവദിക്കാതെയായിരുന്നു പ്രതിഷേധം നടന്നത്.

അടുത്തിടെ ഇതിനോട് ചേർന്ന സ്ഥലത്തു വച്ച് വളർത്തു പോത്തിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാൽ ആ സംഭവത്തിൽ വനംവകുപ്പ് കാര്യമായ നടപടിയൊന്നും എടുത്തിരുന്നില്ല. അന്ന് നടപടി എടുക്കാത്തതിനാലാണ് ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകാൻ ഇടയായതെന്നാണ് നാട്ടുകാർ പ്രതിഷേധത്തിലൂടെ വ്യക്തമാക്കുന്നത്.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അനാസ്ഥയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നരഭോജി കടുവയെ എത്രയും പെട്ടെന്ന് പിടികൂടി വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം. കടുവയെ തിരിച്ചറിയാൻ കാടിനകത്തെ പല സ്ഥലങ്ങളിലും ക്യാമറ ട്രാപ്പികൾ ഉടൻ സ്ഥാപിക്കുന്നതിന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും ആവശ്യമായ സംരക്ഷണവും നൽകാൻ വനം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.