നല്ല തുടക്കങ്ങൾക്ക് സാക്ഷിയായ കൊച്ചി
കൊച്ചി: സംഭാഷണ ശൈലി കൊണ്ടും പലപ്പോഴും ജീവിതരീതി കൊണ്ടും തനി തലശേരിക്കാരനായിരുന്നു ശ്രീനിവാസൻ. എന്നാൽ, കൊച്ചി അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നയിടമായി. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ പല ആദ്യ സംഭവങ്ങൾക്കും സാക്ഷിയായതും ഈ നഗരമാണ്.
പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം" എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ ആദ്യം അഭിനയിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ കോഴ്‌സ് പഠിക്കാൻ ചെന്നൈയിലായിരുന്നു അക്കാലത്ത് അദ്ദേഹം. അവിടത്തെ മലയാളം അദ്ധ്യാപകനായിരുന്ന എ. പ്രഭാകരന്റെ അടുത്ത സുഹൃത്തായിരുന്നു പി.എ. ബക്കർ. അതുവഴിയാണ് മണിമുഴക്കത്തിലേക്ക് അവസരം ഒരുങ്ങുന്നത്. മണിമുഴക്കത്തിന്റെ ഷൂട്ടിംഗ് 1977ൽ എറണാകുളത്തായിരുന്നു.
മണിമുഴക്കത്തിന്റെ പ്രൊഡ്യൂസറും കാർട്ടൂണിസ്റ്റുമായ തോമസിന്റെ രവിപുരത്തെ വീട്ടിലായിരുന്നു താമസം. 20 ദിവസത്തോളം നീണ്ട ഷൂട്ടിംഗിനിടെ ടൈഫോയ്‌ഡ് പിടിപെട്ടതിനാൽ ആദ്യചിത്രത്തിലെ കഥാപാത്ര വേഷം മുഴുമിപ്പിക്കാൻ ശ്രീനിവാസന് കഴിഞ്ഞില്ല. എങ്കിലും പി.എ ബക്കറിന്റെ 'സംഘഗാന"മെന്ന ചിത്രത്തിൽ നായകനാകാനുള്ള അവസരം ലഭിച്ചു. ആ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കോഴിക്കോടായിരുന്നെങ്കിലും കുറച്ചുദിവസം എറണാകുളത്തും ഷൂട്ടിംഗ് നടന്നു.
തിരക്കഥയെഴുത്തിന്റെ തുടക്കവും എറണാകുളത്തായിരുന്നു. സംവിധായകൻ കെ.ജി. ജോർജ്, എഡിറ്റർ രവി, ക്യാമറാമാൻ രാമചന്ദ്രബാബു എന്നിവർ ചേർന്ന് 'മേള" എന്ന സിനിമയെക്കുറിച്ച് പ്രൊഡ്യൂസർ കൂടിയായ എ. പ്രഭാകരന്റെ വീട്ടിൽ വച്ചായിരുന്നു ചർച്ച. ഈ ചർച്ചകളിൽ നിന്നാണ് തിരക്കഥാരചനയുടെ ബാലപാഠം അദ്ദേഹം പഠിക്കുന്നത്. ഷൂട്ടിംഗിനിടെ സംവിധായകൻ കെ.ജി. ജോർജ് തിരക്കഥ ഭേദപ്പെട്ട രീതിയിലേക്ക് മാറ്റിയെഴുതാൻ ശ്രമിച്ചുനോക്കൂവെന്ന് ആവശ്യപ്പെട്ടതിലൂടെയാണ് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിന്റെ പിറവി. മറൈൻ ഡ്രൈവിൽ റെയ്‌മണ്ട് സർക്കസായിരുന്നു മേളയുടെ പ്രധാന ലൊക്കേഷൻ. സർക്കസുകാരുടെ താമസസ്ഥലത്തിരുന്നാണ് സീനുകൾ തിരുത്തിയെഴുതാൻ അദ്ദേഹം ശ്രമിച്ചത്.
തുടർന്ന് സിനിമയിൽ വേരുറപ്പിച്ച ശ്രീനിവാസൻ, സത്യൻ അന്തിക്കാടിന്റെ 'സന്മനസുള്ളവർക്ക് സമാധാനം" തുടങ്ങിയ പല സിനിമകളിലും പ്രധാന വേഷങ്ങളിലെത്തി. എറണാകുളത്തെ ബി.ടി.എച്ച് ഹോട്ടലിലിരുന്നാണ് അദ്ദേഹവും സത്യൻ അന്തിക്കാടും ഉൾപ്പെടെ ഒരുപാട് സിനിമകളെക്കുറിച്ച് ചർച്ച ചെയ്തതും കഥയെഴുതിയതും തിരക്കഥയൊരുക്കിയതും. കൊച്ചിയിൽ താമസമുറപ്പിച്ചപ്പോൾ നഗരത്തിന് പകരം ഉദയംപേരൂരിനടുത്ത് കണ്ടനാടെന്ന ഗ്രാമമാണ് അദ്ദേഹം വീടൊരുക്കാൻ തിരഞ്ഞെടുത്തത്.