'ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി കൈമാറി, പ്രായശ്ചിത്തമായി ശബരിമലയിൽ അന്നദാനം നടത്തി'; ഗോവർദ്ധന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ബെല്ലാരിയിലെ ജുവലറി ഉടമ ഗോവർദ്ധന്റെ മൊഴി പുറത്ത്. പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിലാണ് ഗോവർദ്ധൻ മൊഴി നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയിട്ടുണ്ടെന്നും പിന്നീട് കുറ്റബോധം തോന്നിയെന്നും പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെന്നും ഗോവർദ്ധൻ മൊഴി നൽകി. പണം നൽകിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
ശ്രീകോവിലിലെ സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ഇരുവരെയും വൈകിട്ട് നാലോടെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇവർക്ക് സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതിയുണ്ടാക്കിയതിലും ആസൂത്രിത കൊള്ള നടത്തിയതിലും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ രേഖകളുടെ പകർപ്പുകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാൻ ഉത്തരവിട്ടിരുന്നു. കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് വേണമെന്ന ഇഡിയുടെ ആവശ്യം കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് ഇന്നലെ അനുവദിച്ചതോടെയാണ് കേസിന് പുതിയ മാനം കൈവന്നത്.
ഇന്നലെ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ വിമർശിച്ചതും ശ്രദ്ധേയമായതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്‌മകുമാറിനെ അറസ്റ്റു ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ല. പ്രതിപ്പട്ടികയിൽ ചേർക്കുന്നവരുടെ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ടെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ കുറ്റപ്പെടുത്തിയത്. അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പറഞ്ഞു.