പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടി

Sunday 21 December 2025 12:20 AM IST

കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി, പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് പണം തട്ടിയതായി പരാതി. ഇടപ്പള്ളിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി.

ഇക്കഴിഞ്ഞ ആഗസ്റ്റ് പകുതിയോടെയാണ് 39കാരനായ പരാതിക്കാരൻ ഡേറ്റിംഗ് ആപ്പിലൂടെ 32കാരിയെ പരിചയപ്പെട്ടത്. സൗഹൃദം വളർന്നു. നേരിട്ട് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. അടുത്ത ദിവസം താമസസ്ഥലത്ത് വരാൻ യുവതി ക്ഷണിച്ചു. ഇത് വിശ്വസിച്ച് വീട്ടിലെത്തിയ യുവാവിനെ യുവതി തടഞ്ഞുവയ്ക്കുകയായിരുന്നു. പീഡനക്കേസിൽ കുടുക്കുമെന്നും അല്ലെങ്കിൽ പണം നൽകണമെന്നും ഇവർ പറഞ്ഞു. 30,000ലധികം രൂപ ഇവർ ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നേരത്തെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. അതേസമയം, പരാതിക്കാരനെതിരെ യുവതി പീഡന പരാതി നൽകിയിരുന്നത് കൊണ്ടാണ് യുവാവിന്റെ പരാതി സ്വീകരിക്കാതിരുന്നത് എന്നാണ് വിവരം.

 ഡേറ്റിംഗ് ആപ്പുകൾ

ആളുകളെ കണ്ടുമുട്ടാനും സൗഹൃദം സ്ഥാപിക്കാനും പ്രണയബന്ധങ്ങൾ കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളാണ് ഡേറ്റിംഗ് ആപ്പുകൾ. ഇത്തരം നിരവധി ആപ്പുകളുണ്ടെങ്കിലും ഏതാനും ചിലത് മാത്രമേ പ്രചാരത്തിൽ മുന്നിലുള്ളൂ. ഇവ ഉപയോഗിക്കുമ്പോൾ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിലും അപരിചിതരെ നേരിൽ കാണുന്നതിലും എപ്പോഴും ആപ്പുകൾ തന്നെ ജാഗ്രതാനിർദ്ദേശം നൽകുന്നുണ്ട്.

 ഡേറ്റിംഗ് തട്ടിപ്പുകൾ

 ഡേറ്റിംഗ് ട്രേഡിംഗ്: ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് വ്യാജ ട്രേഡിംഗ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ സമ്മർദ്ദം ചെലുത്തും. ഇങ്ങനെ വൻതുക തട്ടിയെടുക്കും.

 ഡിന്നർ ഡേറ്റ്: സൗഹൃദം സ്ഥാപിച്ചശേഷം മുന്തിയ ഹോട്ടലുകളിൽ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. വിലകൂടിയ ഭക്ഷണമെല്ലാം കഴിച്ച് ബില്ല് അടപ്പിക്കും.

 കവർച്ച: കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യും.

 തട്ടിപ്പ് യാത്രകൾ: സൗഹൃദവലയത്തിലാക്കിയശേഷം അടിയന്തര യാത്രകൾ, ചികിത്സ തുടങ്ങിയ കാരണങ്ങൾ നിരത്തി പണം കൈക്കലാക്കും.

 സെക്യൂരിറ്റി ഡെപ്പോസിറ്റ്: സർക്കാർ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി അടുപ്പത്തിലാകും. ശേഷം കള്ളപ്പണക്കേസിൽ കുടുങ്ങിയെന്നും ഡെപ്പോസിറ്റായി പണം കാണിക്കണമെന്നും പിന്നീട് തിരികെ നൽകാമെന്നും വിശ്വസിപ്പിച്ച് തുക തട്ടിയെടുക്കും.