ഇടമലയാർ ജലസേചന പദ്ധതി: അറ്റകുറ്റപ്പണി മുടങ്ങി ജലവിതരണം തടസപ്പെട്ടു
അങ്കമാലി: ഇടമലയാർ ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണികൾ നടക്കാത്തതുമൂലം ജലവിതരണം തടസപ്പെട്ടു. സാധാരണ ഡിസംബർ മുതൽ കനാലിലൂടെ ജലസേചനത്തിനായി വെള്ളം തുറന്നുവിടാറുള്ളതാണ്. കനാലിൽ വെള്ളമെത്തുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ തോടുകളിലും കനാലിന് ഇരുവശത്തുമുള്ള കിണറുകളിലും നീരുറവ ലഭിക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാകുകയും ചെയ്യുമായിരുന്നു.
നവംബറിൽ നടക്കേണ്ട കനാലിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനാൽ ഭാഗത്തെ അറ്റകുറ്റപ്പണികൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ അങ്കമാലി നഗരസഭ അതിർത്തിയിലെ കനാൽ ഭാഗത്ത് പണികൾ നടന്നിട്ടില്ല. ഇതോടൊപ്പം വനാതിർത്തിയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ ഭാഗത്തും അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയാണ്.
കർഷകർ ആശങ്കയിൽ
കരാറുകാർ മുഖേനയാണ് ഇവിടെ കാടുവെട്ടിത്തളിക്കേണ്ടത്. ഈ വർഷം ഫണ്ട് അനുവദിക്കാത്തതുമൂലം വനവും കനാലും തിരിച്ചറിയാനാവാത്തവിധം കാടുമൂടിയ നിലയിലാണ്.
ജലസേചന വകുപ്പാണ് ഈ ഭാഗങ്ങളിൽ പണി നടത്തേണ്ടത്. പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ സാധാരണ അഞ്ചുകോടി രൂപ അനുവദിക്കാറുണ്ടെങ്കിലും ഈ വർഷം തുകയൊന്നും ലഭ്യമാക്കിയിട്ടില്ല. ഡിസംബറിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ ഇതോടെ വലിയ ആശങ്കയിലായി.
അടിയന്തരനടപടി വേണം
കനാലിലെ വെള്ളമെത്തുന്നതോടെ ഈ മേഖലയിലെ ചെറുതും വലുതുമായ തോടുകളിൽ നീരുറവ ലഭിക്കുകയും അവിടെ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ വഴി ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുകയുമാണ് ചെയ്യുന്നത്. വെള്ളമെത്താൻ വൈകിയാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാകും. അതോടെ മേഖല വരൾച്ചയുടെ പിടിയിലാവും. അതിനാൽ ഇടമലയാർ പദ്ധതിയിലൂടെ അടിയന്തരമായി വെള്ളമെത്തിക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.