ഭാര്യ മത്സരിക്കുന്നതിനെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ട അജിത്തിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

Saturday 20 December 2025 5:40 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ട വെമ്പായം സ്വദേശി എം അജിത് കുമാറിന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കും. ഇക്കാര്യമാവശ്യപ്പെട്ട് മന്ത്രി ജി ആർ അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി. വട്ടപ്പാറ പൊലീസിൽ നിന്ന് അന്വേഷണം മാറ്റണമെന്നാവശ്യപ്പെട്ട് അജിത്തിന്റെ മാതാപിതാക്കൾ നൽകിയ പരാതിയടക്കമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന അജിത്തിന്റെ ഭാര്യ ബീന, കോൺഗ്രസ് സ്ഥാനാർത്ഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ വെമ്പായം പഞ്ചായത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഒക്ടോബർ 19ന് രാവിലെ അഞ്ചിനാണ് അജിത്തിനെ വീട്ടിലെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പിതാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു മകൻ വിനായക് ശങ്കറിന്റെ മൊഴി. എന്നാൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.

സംഭവദിവസം പിതാവും താനും തമ്മിൽ ഏറ്റുമുട്ടിയെന്നും അജിത്തിനെ വടിയെടുത്ത് അടിച്ചെന്നും വിനായക് പിന്നീട് മൊഴി നൽകി. അജിത്തിന്റെ ഭാര്യ ബീനയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വണ്ടിയുടെ താക്കോലിനുവേണ്ടി ഭർത്താവും മകനും തമ്മിൽ പിടിവലി നടന്നുവെന്നാണ് ബീന മൊഴി നൽകിയത്. പിടിവലിക്കിടെ ടോർച്ച് കൊണ്ടടിക്കാൻ അജിത് ശ്രമിച്ചപ്പോൾ ചെമ്പരത്തി കമ്പെടുത്ത് മകൻ അടിക്കുകയായിരുന്നുവെന്നും ബീന പൊലീസിന് മൊഴി നൽകി.