സംസ്ഥാന സ്‌കൂൾ കലോത്സവം; ടികെ സുജിത്തിന് മികച്ച കാർട്ടൂണിനുള്ള മാദ്ധ്യമ പുരസ്‌കാരം

Saturday 20 December 2025 6:35 PM IST

തൃശൂർ: കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മാദ്ധ്യമ അവാർഡുകളിൽ മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം കേരള കൗമുദിയിലെ കാർട്ടൂണിസ്റ്റ് ടി കെ സുജിത്തിന് ലഭിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട മികച്ച കാർട്ടൂണായിരുന്നു കേരള കൗമുദിയിലേതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 20,000 രൂപയും ശിൽപവുമാണ് പുരസ്കാരം.

തൃശൂർ തിരുമിറ്റക്കോട് പരേതനായ ടി ആർ കുമാരന്റേയും പി ആർ തങ്കമണിയുടേയും മകനായ സുജിത്തിന് പന്ത്രണ്ട് തവണ സംസ്ഥാനമാദ്ധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്. മീഡിയ അക്കാഡമി ഫെല്ലോഷിപ്പ്, മായാകാമത്ത് ദേശീയ അവാർഡ് എന്നിവ കൂടാതെ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് എട്ടുതവണയും കേരള ലളിതകലാ അക്കാഡമി അവാർഡ് മൂന്നുതവണയും അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അഭിഭാഷകയായ എം നമിതയാണ് ഭാര്യ. എംജി കോളേജിലെ സോഷ്യോളജി വിദ്യാർത്ഥി അമൽ, കോട്ടൺഹിൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഉമ എന്നിവരാണ് മക്കൾ.

തൃശൂരിൽ നടക്കുന്ന കലോത്സവത്തിൽ മാദ്ധ്യമ അവാർഡ് നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. മറ്റു മാദ്ധ്യമ പുരസ്‌കാരത്തിന് അർഹരായവർ: വ്യക്തികൾക്ക് 20,000 രൂപയും സ്ഥാപനത്തിന് 25000 രൂപയും നൽകും. മികച്ച റിപ്പോർട്ടർ: രാകേഷ് കെ. നായർ, മാതൃഭൂമി. മികച്ച റിപ്പോർട്ടർ: പ്രത്യേക ജൂറി പരാമർശം ആകാശ്, മലയാള മനോരമ. പി.ബി ബിച്ചു, മെട്രോ വാർത്ത. മികച്ച ഫോട്ടോഗ്രാഫർ സുമേഷ് കൊടിയത്ത്, ദേശാഭിമാനി. മികച്ച സമഗ്ര കവറേജ് ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ.

ഇംഗ്ലീഷ് അച്ചടി മാദ്ധ്യമം

മികച്ച റിപ്പോർട്ടർ ശരത് ബാബു ജോർജ്ജ്, ദി ഹിന്ദു, സോവി വിദ്യാധരൻ, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്. മികച്ച ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്. മികച്ച സമഗ്ര കവറേജ് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്.