'അവഗണനകളിൽ തളരാതെ ബാറ്റുകൊണ്ട് മറുപടി നൽകി, ഇത് അർഹതയ്ക്കുള്ള അംഗീകാരം'

Saturday 20 December 2025 7:15 PM IST

തിരുവനന്തപുരം: ട്വന്റി -20 ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടിയ സന്തോഷത്തിലാണ് മലയാളികൾ. ഇപ്പോഴിതാ സഞ്ജുവിനെ ടീമിലെടുത്തതിൽ സന്തോഷം പങ്കുവയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 'പോരാളിയുടെ തിരിച്ചുവരവ്' എന്നാണ് ശിവൻകുട്ടി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

നിറങ്ങൾ മങ്ങുകില്ല കട്ടായം..!! പോരാളിയുടെ തിരിച്ചുവരവ്; സഞ്ജു ലോകകപ്പ് ടീമിൽ..

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നമ്മുടെ സ്വന്തം സഞ്ജു സാംസൺ ഇടം നേടിയ വാർത്ത കേരളത്തിനാകെ അഭിമാനം നൽകുന്നതാണ്. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, മറിച്ച് അർഹതയ്ക്കുള്ള അംഗീകാരമാണ്.

കഴിഞ്ഞ ഒക്ടോബറിൽ ടി20 ഓപ്പണറുടെ റോളിലെത്തിയ സഞ്ജു, വെറും അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്ന് പടുത്തുയർത്തിയിട്ടും, പിന്നീട് വന്ന ഏഷ്യാ കപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. മികച്ച ഫോമിലായിട്ടും ശുഭ്‌മൻ ഗില്ലിനെ നായകസ്ഥാനത്തേക്ക് വളർത്താനുള്ള നീക്കത്തിൽ സഞ്ജുവിന് സ്ഥാനം നഷ്ടമായപ്പോൾ നിരാശപ്പെട്ടത് ആരാധകർ മാത്രമല്ല, ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോരുത്തരുമാണ്.

എങ്കിലും, അവഗണനകളിൽ തളരാതെ, ബാറ്റുകൊണ്ട് മറുപടി നൽകി സഞ്ജു ഇപ്പോൾ രാജകീയമായി തിരിച്ചെത്തിയിരിക്കുന്നു. ഓപ്പണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവിനെ ഇനി ആർക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയാകാൻ സഞ്ജുവിന് സാധിക്കട്ടെ. കേരളത്തിന്റെ യശസ്സ് വാനോളമുയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ വിജയാശംസകളും.