മതനിരപേക്ഷതയുടെ മുഖംമൂടി അണിയുന്നവരെ തിരിച്ചറിയണം ,​ ന്യൂനപക്ഷ സംരക്ഷണം എക്കാലവും ഇടതുനയമെന്ന് മുഖ്യമന്ത്രി

Saturday 20 December 2025 7:16 PM IST

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ എക്കാലത്തും ചേർത്തു പിടിക്കുന്ന നയമാണ് ഇടതുപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണം ഇടതുനയമാണ്. അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കൊണ്ട് അളക്കാനാകില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സംരക്ഷണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകും. നാടിന്റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയാൻ ആകണം. നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ മുഖംമൂടി അണിയുന്നവരെ തിരിച്ചറിയാനാകണം. ഭൂരിപക്ഷ വർഗീയതയെ എതിർ‌ക്കാൻ ന്യൂനപക്ഷ വർ‌ഗീയത ആയുധമാക്കുന്നത് തിരിച്ചറിയണം. ഈ രണ്ട് വ‌ർഗീയതയും പരസ്പര പൂരകമാണ്. അതിനെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. എല്ലാ വർഗീയ വാദികൾക്കും ഒരു പ്രത്യേകതയുണ്ട്. നുണ നല്ലരീതിയിൽ പ്രചരിപ്പിക്കുകയെന്നതാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.