അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി വി ശിവൻകുട്ടി
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണ്. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുള്ള സമയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം മന്ത്രി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു. 2026 ജനുവരി 14 മുതൽ 18 വരെയാണ് കേരള സ്കൂൾ കലോത്സവം. ഇത്തവണ തൃശൂരാണ് കലോത്സവം അരങ്ങേറുന്നത്. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ 25 വേദികളിൽ കലാമത്സരങ്ങൾ അരങ്ങേറും.
ജനുവരി 14ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി എത്തും. അനിൽ ഗോപൻ രൂപകൽപ്പന ചെയ്ത, കേരളത്തിന്റെ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും ഒത്തിണങ്ങിയ ലോഗോയാണ് ഇത്തവണ കലോത്സവത്തിന് മാറ്റുകൂട്ടുന്നത്. മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് സമയക്രമീകരണം നടത്തിയിട്ടുള്ളതെന്ന് ശിവൻകുട്ടി അറിയിച്ചു.