79.82 കോടി ലാഭവിഹിതം സർക്കാരിന് കൈമാറി സിയാൽ
Sunday 21 December 2025 12:35 AM IST
നെടുമ്പാശേരി: 2024 - 25 സാമ്പത്തിക വർഷത്തെ മൊത്ത ലാഭവിഹിതമായി 79.82 കോടി രൂപ സർക്കാരിന് സിയാൽ കൈമാറി. സിയാൽ ഡയറക്ടർമാരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സെക്രട്ടറി സജി കെ. ജോർജ് എന്നിവരും പങ്കെടുത്തു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വർഷമാണിത്. കമ്പനിയുടെ മൊത്ത വരുമാനം 1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. നിക്ഷേപകർക്കായി ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം കഴിഞ്ഞ വാർഷിക പൊതുയോഗം അംഗീകരിച്ചു. 25 രാജ്യങ്ങളിൽ നിന്നായി 33,000 നിക്ഷേപകരാണ് സിയാലിനുള്ളത്. ഇതിൽ ഏറ്റവും വലിയ നിക്ഷേപകനായ സംസ്ഥാന സർക്കാരിന് 33.38 ശതമാനം ഓഹരിയുണ്ട്.