'കൃഷിയിലും കലയിലും കൃത്രിമ വളം ചേർക്കാത്ത മഹാപ്രതിഭ, സിനിമകൾ സ്വന്തമായി പന്തലിട്ട പാവയ്ക്കയേക്കാൾ ജൈവികം'
നടനും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. കൃഷിയിലും കലയിലും കൃത്രിമ വളം ചേർക്കാത്ത മഹാ പ്രതിഭയാണ് ശ്രീനിവാസനെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അവസരത്തിനൊന്ന് ചേരി തിരിയാത്ത ശക്തമായ രാഷ്ടീയം ബോധ്യത്തിന്റെ അടിത്തറയിൽ നിന്നും പണിതുയർത്തിയവയായിരുന്നു ശ്രീനിവാസന്റെ കലാലോകം. ഒരു വശത്ത് ചിരിയും മറുവശത്ത് കരച്ചിലുമായി ഒരു സർജിക്കൽ നൈഫ് പോലെ അത് മലയാളിയുടെ കാപട്യത്തെ നിരന്തരം കീറി മുറിച്ചുകൊണ്ടിരുന്നുവെന്നും സന്തോഷം ഏച്ചിക്കാനം ഫേസ്ബുക്കിൽ കുറിച്ചു.
സന്തോഷ് ഏച്ചിക്കാനം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ;
'കൃഷിയിലും കലയിലും കൃത്രിമ വളം ചേർക്കാത്ത മഹാ പ്രതിഭയാണ് ശ്രീനിവാസൻ. സ്വന്തമായി പന്തലിട്ടു കൊടുത്ത പാവയ്ക്കയേക്കാൾ ജൈവികമായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. കയ്‌പേറിയ ചിരികളാൽ അത് മലയാളിയുടെ ജീവിതത്തെ മധുരോദാരമാക്കി.വർഷങ്ങൾക്ക് മുൻപ് പ്രശസ്ത ചെറുകഥാകൃത്ത് എൻ. പ്രഭാകരൻ പറഞ്ഞു.
'1985 മുതൽ ഇരുപത് വർഷക്കാലം കേരള സമൂഹം എന്തായിരുന്നുവെന്ന് മനസിലാക്കാൻ ചരിത്ര പുസ്തകം വായിക്കേണ്ട കാര്യമില്ല, ശ്രീനിവാസന്റെ സിനിമകൾ കണ്ടാൽ മതി' എന്ന്. അവസരത്തിനൊന്ന് ചേരി തിരിയാത്ത ശക്തമായ ഒരു രാഷ്ടീയം ബോധ്യത്തിന്റെ അടിത്തറയിൽ നിന്നു പണിതുയർത്തിയവയായിരുന്നു ശ്രീനിവാസന്റെ കലാലോകം. ഒരു വശത്ത് ചിരിയും മറുവശത്ത് കരച്ചിലുമായി ഒരു സർജിക്കൽ നൈഫ് പോലെ അത് മലയാളിയുടെ കാപട്യത്തെ നിരന്തരം കീറി മുറിച്ചുകൊണ്ടിരുന്നു.
ദൃശ്യഭാഷയിലൂടെ സങ്കീർണ്ണമായ ഒരു പ്രശ്നത്തെ എങ്ങനെ ഏറ്റവും ലളിതമായി ആവിഷ്‌ക്കരിക്കാമെന്ന് അദ്ദേഹം ചിന്താവിഷ്ടമായ ശ്യാമള പോലുള്ള സിനിമകളിലൂടെ എനിക്ക് പറഞ്ഞു തന്നു. കഥകൾ എഴുതുമ്പോൾ ഈ ലാളിത്യം വാക്കുകളിലേക്കും കൊണ്ടുവരാമെന്ന് എന്നെ സിനിമയിലൂടെ പഠിപ്പിച്ചത് ശ്രീനിയേട്ടനാണ്. അതുകൊണ്ടാവാം ശ്രീനിവാസൻ എന്ന ഗുരുവിന്റെ അജ്ഞാത ശിഷ്യനായി ജീവിക്കാൻ ഞാൻ ഇന്നും ഇഷ്ടപ്പെടുന്നത്.
പ്രിയപ്പെട്ട ശ്രീനിയേട്ടാ, ഇപ്പോൾ നിശ്ചലതയുടെ ചില്ലുകൂട്ടിൽ കിടക്കുന്ന നിങ്ങളുടെ ഭൗതിക ശരീരത്തെ എന്റെ ആത്മാവിനാൽ പ്രണമിച്ചു കൊണ്ട് തിരിഞ്ഞ് നടക്കുമ്പോൾ നിങ്ങൾ നടന്നുണ്ടാക്കിയ വഴിയുടെ തുടർച്ച എഴുത്തിലൂടെ ഉണ്ടാക്കിയെടുക്കാൻ സാധിക്കേണമേ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. ഈ മദ്ധ്യാഹ്നത്തിൽ നിങ്ങളോട് വിട പറയുന്നില്ല. കാരണം എന്റെ മനസിനുള്ളിൽ നിങ്ങൾക്ക് മരിക്കാൻ അവകാശമില്ല.'