മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം
Sunday 21 December 2025 12:22 AM IST
ശബരിമല : മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പൊലീസ്. പടിയുടെ വശങ്ങളിലായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ പിടിച്ചുകയറ്റാൻ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിർദേശം നൽകുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ നായർ തുടക്കംകുറിച്ചു.
പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പൊലീസുകാരും റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീമും ഇക്കാര്യം മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇടവിട്ട് മെഗാഫോണിലൂടെ ഇക്കാര്യം അനൗൺസ് ചെയ്യുന്നുണ്ട്.