തീർത്ഥാടക സഹായകേന്ദ്രം നീലിമലയിൽ

Sunday 21 December 2025 12:24 AM IST

പത്തനംതിട്ട : സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ശബരിമല തീർത്ഥാടകർക്കായി ജില്ലാ പൊലീസ് ആരംഭിച്ച തീർത്ഥാടക സഹായകേന്ദ്രം പമ്പ പൊലീസ് സ്‌പെഷ്യൽ ഓഫീസർ പി.വാഹിദ് പമ്പാ സന്നിധാനം പരമ്പരാഗത പാതയിലെ നീലിമല ടോപ്പിൽ ഉദ്ഘാടനം ചെയ്തു. മല കയറി ക്ഷീണിച്ചു എത്തുന്ന അയ്യപ്പഭക്തന്മാർക്ക് കുടിവെള്ളവും ഗ്ലൂക്കോസും വിതരണം ചെയ്യുന്നതോടൊപ്പം തീർത്ഥാടകർക്ക് ആവശ്യമായ അറിയിപ്പുകൾ കൂടി ഈ കേന്ദ്രം വഴി ചെയ്യുന്നുണ്ട്. സ്റ്റുഡൻസ് പൊലീസ് കേഡറ്റ് അലൂമ്‌നി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള വോളണ്ടിയർമാരാണ് ഇന്ന് ഈ സഹായകേന്ദ്രത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്. അപ്പാച്ചിമേട് ഭാഗത്തും സന്നിധാനം നടപ്പന്തലിലും ഈ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് , പത്തനംതിട്ട അഡീഷണൽ എസ്.പി പി.വി.ബേബി , റാന്നി ഡി വൈ.എസ്.പി ആർ.ജയരാജ്, പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിൽ റാവുത്തർ, പമ്പ എസ് എച്ച് ഒ സി കെ മനോജ്, എസ്.ഐ കിരൺ എന്നിവർ നേതൃത്വം നൽകി.