വാളയാർ ആൾക്കൂട്ടക്കൊല : അന്വേഷണം ക്രൈംബ്രാഞ്ചിന്,​ ഡിവൈഎസ്പി നേതൃത്വം നൽകും

Saturday 20 December 2025 11:24 PM IST

പാലക്കാട് :വാളയാർ അട്ടപ്പള്ളത്ത് അന്യ സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹർ വയ്യാർ (31) കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആൾക്കൂട്ടം തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. മർദനമേറ്റ് ചോര ഛർദിച്ച് രാംമനോഹർ കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും