കാലം കൈയ്യൊപ്പ് ചാർത്തിയ വടക്കുനോക്കിയന്ത്രവും ശ്യാമളയും

Sunday 21 December 2025 12:00 AM IST

കൊച്ചി: 'സംവിധാനം, അത് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്..." പച്ചാളം ഭാസിയുടെ ഡയലോഗാണിത്. കഥാപാത്രത്തിനായി ശ്രീനിവാസൻ ഇതെഴുതുമ്പോൾ ആത്മാംശമുണ്ടെന്ന് തോന്നിപ്പോകാം. കാരണം നാലു പതിറ്റാണ്ടിനിടെ ശ്രീനി സംവിധാനം ചെയ്തിട്ടുള്ളത് രണ്ടു സിനിമകൾ മാത്രം. എന്നാൽ ഈ ചിത്രങ്ങൾ വിശകലനം ചെയ്യുമ്പോൾ ധാരണകൾ തെറ്റാണെന്ന് തെളിയും.

1989ൽ 'വടക്കുനോക്കി യന്ത്രം", 1998ൽ 'ചിന്താവിഷ്ടയായ ശ്യാമള". ഇത് രണ്ടുമാണ് ശ്രീനിവാസന്റെ സംവിധാന സംരംഭങ്ങൾ. സൂപ്പർഹിറ്റുകൾ. ശ്രീനിയുടെ ബ്രില്യൻസിന്റെ പ്രതീകമായ സൃഷ്ടികൾ.

വടക്കുനോക്കി യന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ചിന്താവിഷ്ടയായ ശ്യാമള സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ദേശീയ പുരസ്കാരവും ജനപ്രീതിക്ക് സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.

സാമൂഹിക പ്രസക്തിയുളള ഡയലോഗുകൾ

മനസിന്റെ ഉള്ളറകളിലെ ദൗർബല്യങ്ങളാണ് പല ശ്രീനിവാസൻ കഥാപാത്രങ്ങളുടേയും സവിശേഷത. വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷും വ്യത്യസ്തരല്ല. സാധാരണക്കാരിൽ സാധാരണക്കാർ. ശ്യാമളയിൽ നായികയെ ഒരു പടി മുന്നോട്ടു നിറുത്തി കൈയടി വാങ്ങാനും കഥാകാരൻ ശ്രദ്ധിച്ചു. സംശയരോഗം,കുടുംബ ബന്ധങ്ങളിൽ നിന്നുള്ള ഒളിച്ചോടൽ,അമിതഭക്തി തുടങ്ങി പ്രമേയത്തിൽ കടന്നുവന്ന ഘടകങ്ങൾ സമ്പൂർണ എന്റർടെയ്‌നർ എന്ന നിലയിൽ പ്രേക്ഷകർ ആസ്വദിച്ചു.

പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണ ശകലങ്ങളാൽ രണ്ടു സിനിമകളും സമൃദ്ധമാണ്. 'ഒച്ച ഫോട്ടോയിൽ കിട്ടില്ല, അഭിനയം ഒരു കൊലയാണ്, ഒരു ഗ്ലാസ് ബ്രാണ്ടി, ചിലപ്പോൾ വേണ്ടി വന്നേക്കും, അയ്യോ അച്ഛാ പോകല്ലേ, ക്യാമറയും വെള്ളത്തിൽ ചാടണം" എന്നിങ്ങനെ. പവർകട്ട് പൂച്ചയെപ്പോലുള്ള ശക്തമായ ബിംബങ്ങളും ശ്രീനി തന്റെ സംവിധാന സംരംഭങ്ങളിൽ അവതരിപ്പിച്ചു. സൗഹൃദവേദികളിലും ട്രോളുകളിലുമെല്ലാം പതിവായി കടന്നുവരുന്നുത് അവയെല്ലാമാണ്. വടക്കുനോക്കി യന്ത്രത്തിലും ചിന്താവിഷ്ടയായ ശ്യാമളയിലും പറഞ്ഞത് വെറും കളിതമാശകളായിരുന്നില്ല. പല കുടുംബങ്ങളിലും അത്തരം സംഭവങ്ങൾ അന്നുമിന്നും കടന്നുവരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.