പി.ടി. കുഞ്ഞു മുഹമ്മദിന് മുൻകൂർ ജാമ്യം
തിരുവനന്തപുരം : സിനിമ സംവിധായികയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിൽ മുൻ എം.എൽ.എയും സംവിധായകനും സി.പി.എം നേതാവുമായ പി.ടി. കുഞ്ഞു മുഹമ്മദിന്
അഡിഷണൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ജാമ്യ ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുളളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. സമാന കേസുകളിൽ പ്രതിയാകാൻ പാടില്ല, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം, അതിജീവിതയോടോ സാക്ഷികളുമായോ ബന്ധപ്പെടാനോ സ്വാധീനിക്കാനോ കേസ് അട്ടിമറിയ്ക്കാനോ ശ്രമിക്കരുത്, എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം . അറസ്റ്റ് ചെയ്താൽ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംഭവം നടന്ന് 21 ദിവസത്തിന് ശേഷം സംവിധായക മുഖ്യമന്ത്രിക്ക് പരാതി
നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രതി ഭാഗം വാദം. സംവിധായികയുടെ രഹസ്യ മൊഴി നേരത്തേ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.