എസ്.ഐ.ആർ കരട് പട്ടിക ചൊവ്വാഴ്ച: നടപടികളിൽ ദുരൂഹതയെന്ന് രാഷ്ട്രീയ പാർട്ടികൾ
# ഫോം നൽകിയിട്ടും ഒഴിവാക്കിയെന്ന് മുൻ എം.എൽ.എ രാജാജി മാത്യു #പട്ടികയിൽ 2.54 കോടി വോട്ടർമാർ # ഒഴിവാക്കപ്പെട്ടവർ 24,08,503 #ജനുവരി 22വരെ പരാതി നൽകാം
തിരുവനന്തപുരം: ഒന്നാം ഘട്ടം എസ്.ഐ.ആർ പൂർത്തിയായി.ചൊവ്വാഴ്ച കരട് വോട്ടർപട്ടിക പുറത്തിറക്കും.
പരാതികൾ ജനുവരി 22വരെ നൽകാം.ഫെബ്രുവരി 14വരെ തെളിവെടുപ്പ് നടത്തും. ഫെബ്രുവരി 21നാണ് അന്തിമ പട്ടിക പുറത്തിറക്കുക.
പട്ടികയിൽ 2,54,42,352 പേരാണുണ്ടാകുക.24,08,503 പേരെ ഒഴിവാക്കും.ഇവരുടെ പ്രത്യേക പട്ടിക പുറത്തിറക്കും. വോട്ടർപട്ടികയിൽ 2,78,50,855 പേരാണുണ്ടായിരുന്നത്.
ഒഴിവാക്കിയതു സംബന്ധിച്ച വിശദീകരണം ഇപ്രകാരമാണ്: 649885 പേർ മരിച്ചു. 645548പേരെ കണ്ടെത്താനായില്ല. 816221 പേർ താമസംമാറിപ്പോയി. 136029 ഇരട്ടിപ്പുള്ളപേരുകളാണ്. 160830 പേർ എന്യൂമറേഷൻ ഫോം പൂരിപ്പിക്കാൻ വിസമ്മതിച്ചു. ഇക്കാര്യങ്ങൾ ഇന്നലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ അറിയിച്ചു.
എസ്.ഐ.ആർ ഒന്നാംഘട്ടം രണ്ടാഴ്ചയെങ്കിലും നീട്ടണമെന്ന പാർട്ടികളുടെ അഭ്യർത്ഥന കേന്ദ്ര നിരീക്ഷക ഐശ്വര്യസിംഗ് നിഷേധിച്ചു. കേന്ദ്രഇലക്ഷൻ കമ്മിഷനിൽനിന്ന് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്ന് അവർ അറിയിച്ചു.
പട്ടികയിൽ ദുരൂഹതയുണ്ടെന്ന് പാർട്ടിപ്രതിനിധികൾ ആരോപിച്ചു.
ഫോം നൽകിയിട്ടും തന്നെയും ഭാര്യയെയും പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു. 2002ലെ വോട്ടർ പട്ടികയിൽ പേരില്ലെന്നാണ് ബി.എൽ.ഒ പറഞ്ഞതെന്നും, എന്നാൽ 1991നു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒല്ലൂർ നിയോജകമണ്ഡലത്തിലെ കണ്ണാറ എ.യു.പി സ്‌കൂളിലെ 43ാം വാർഡിൽ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ രാജാജി മാത്യു തോമസിന്റെ പേരില്ലെന്നും പരാതി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ നിന്ന് 24ലക്ഷംപേരെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ യോഗത്തിൽ അറിയിച്ചു.
വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ബി.എൽ.ഒമാരുടെ റിപ്പോർട്ട് കള്ളത്തരമാണെന്ന് സി.പി.എം നേതാവ് എം.വി.ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ബൂത്തിൽ ഇത്തരത്തിൽ 710 പേരെ ഒഴിവാക്കിയെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ.റഹ്മാൻ പറഞ്ഞു. കരട് പട്ടികയിലെ പിഴവുകൾ ശ്രദ്ധയിൽപെടുത്തിയാൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തിരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ പറഞ്ഞു